നെഞ്ചുലയ്ക്കുന്ന പാട്ടും ഭാവാഭിനയവും!

ഭക്തിയുടെയും സമർപ്പണത്തിന്റെയും ഉൻമാദ ലഹരിയിൽ നിറഞ്ഞാടുന്ന തെയ്യത്തിൽ നിന്നുതിർന്നു മണ്ണിൽ വീണുരുകുന്ന തീനാളങ്ങൾ പോലെയാണ് ചില പാട്ടുകൾ മനസിലും വന്നുചേരുക. മരണത്തിന്റെയും ഏകാന്തതയുടെയും പേടിപ്പെടുത്തുന്ന ഇരുട്ടു മനസിന്റെ ഓരോ കോണിലും നിറയ്ക്കുന്ന ദു:ഖ സാന്ദ്രമായ സംഗീതം. ഓരോ വരികളുടെ അർഥതലങ്ങളും വല്ലാത്ത മൂർച്ചയുള്ളത്. സംഗീതവും അതുപോലെ ശക്തം. ചോരച്ചൂടുള്ള കണ്ണൂർ രാഷ്ട്രീയവും പ്രണയവും സമന്വയിപ്പിച്ച് ബി. അജിത് കുമാർ സംവിധാനം ചെയ്ത ഈടയിലെ ഈ പാട്ട് അതുപോലെയാണ്.

മാരിവിൽ മായണ് കാർമുകിൽ മൂടണ്

മൂളണ് മൗനമിങ്ങ് 

മൂവന്തി മുറ്റത്തെ ചായില്യച്ചോരയില്‍

കതിരോൻ ഒടുങ്ങിയല്ലോ...

അനാഥത്വത്തിന്റെയും വേർപിരിയലിന്റെയും ദു:ഖം നിഴലിക്കുന്ന വരികളാണ് അൻവർ അലി കുറിച്ചത്. നിശബ്ദതയിലേക്ക് കണ്ണീരോടെ വലിച്ചെറിയപ്പെട്ട, ഒന്നും പറയാനാകാതെ നിന്നു പോകുന്ന മനസ്സുകളുടെ സങ്കടം. പ്രകൃതിയുടെ ഭാവഭേദങ്ങളോട് ചേർത്തുവച്ച് ആ ദു:ഖത്തെ അൻവർ അലി പാട്ടായെഴുതി. മനസ്സിന്റെ വിങ്ങലിനെ സംവദിക്കുന്ന സംഗീതക്കൂട്ടൊരുക്കിയത് ചന്ദ്രൻ വേയാട്ടുമേലാണ്. വരികളുടെയും ഈണത്തിന്റെയും ഭാവത്തെ അതേപടി ഉൾക്കൊണ്ട് മനസ്സിനെ സ്പർശിക്കും വിധം മനോഹരമായി സിത്താര പാടിയിരിക്കുന്നു. അല്ലെങ്കിലും മനുഷ്യ ജീവിതത്തോടു ചേർന്നു നിൽക്കുന്ന പച്ചയായ ഗാനങ്ങൾക്ക് ഏറ്റവുമിണങ്ങുന്ന പെൺ സ്വരവും സിത്താരയുടേതാണല്ലോ.

ഷെയ്ന്‍ നിഗവും നിമിഷ സജയനുമാണ് പ്രധാനമായും രംഗങ്ങളിലുളളത്. എന്തൊക്കെയോ മനസ്സിൽ കിടന്നു വെന്തുനീറുന്ന മുഖഭാവത്തോടെ ഇരുവരും പാട്ടിൽ നിറഞ്ഞു നിൽക്കുന്നു. അവർക്കിടയിലെ പ്രണയവും പേടിയും പാട്ടിനൊപ്പം വല്ലാതെ മനസുലയ്ക്കും. ഒരിടത്തു ശാന്തമായിരുന്ന് പാട്ടു കേട്ടു കഴിയുമ്പോൾ മനസിലെങ്ങുമൊരു നോവുനിറയും....