ഹിറ്റ് പാട്ടുകളിലെ കൗതുകമായി ഈ ചുവപ്പൻ ഷർട്ടുകൾ!

കുറേ പാട്ടുകളും സിനിമകളും കണ്ടുകഴിയുമ്പോൾ മനസിൽ കൗതുകമായി വന്നെത്തുന്ന ചില കാര്യങ്ങളുണ്ട്. വലിയ സംഭവമൊന്നുമായിരിക്കില്ല. പക്ഷേ അത് വലിയ രസകരമായി തോന്നും നമുക്ക്. അവയിൽ ചിലതിൽ ചില കുഞ്ഞു കുഞ്ഞു കാര്യങ്ങൾ ഒരുപോലെയുണ്ടാകും. അത്തരത്തിലൊന്നാണ് ചതുരക്കള്ളികള്‍ ഡിസൈനിലുള്ള ചുവപ്പൻ ഷർട്ട് അഥവാ റെഡ് ചെക്ക് ഷർട്ട്. ഈ ഷർട്ടിനേയും കുറേ പാട്ടുകളേയും കുറിച്ചാണ് പറഞ്ഞു വരുന്നത്. തമിഴിലെ മുൻ നിര നായകൻമാരുടെ ചില ഹിറ്റ് പാട്ടുകളിൽ സ്ഥിരമായുണ്ട് ഈ ഷർട്ട്. 

സൂര്യ നായകനായ വാരണം ആയിരം എന്ന ചിത്രത്തിലെ, അവ എന്ന എന്ന തേടി വന്ത അഞ്ജലേ...അദ്ദേഹത്തിന്റെ പുത്തൻ ചിത്രം താനാ സേർന്ത കൂട്ടത്തിലെ സൊടക്ക് എന്ന ഗാനം, ചിയാന്‍ വിക്രമിന്റെ സ്കെച്ചിലെ അച്ചി പുച്ചി എന്ന പാട്ട്. വിജയ് വേട്ടൈക്കാരനിലെ നാൻ അടിച്ചാ താങ്ങ മാട്ടേൻ എന്ന പാട്ട് എന്നീ ഗാനങ്ങളിലാണ് നിത്യയുവത്വമുള്ള ഈ ഷർട്ടിന്റെ സാന്നിധ്യമുള്ളത്. തമിഴ് പാട്ടുകളിലെ നായകൻമാരുടെ ലുക്കിനും മട്ടിനും അത്രമേൽ സ്വാധീനമാണ് യുവാക്കൾക്കിടയിലുള്ളത്. അതുകൊണ്ടു തന്നെ അത്രമേൽ സൂക്ഷ്മതയോടെയാണ് അവർക്കുള്ള വസ്ത്രത്തിൽ തീരുമാനമെടുക്കുന്നത്. സിനിമയുടെ പ്രൊമോഷനു വേണ്ടി പാട്ടുകളെ ഏറ്റവും വിജയകരമായി ഉപയോഗിക്കുന്നവരാണ് തമിഴ് സിനിമ സംവിധായകർ.

വിക്രമിന്റെ സ്കെച്ചിലെ പാട്ട് പുറത്തിറങ്ങിയപ്പോഴാണ് ഈ ഷർട്ട് ശ്രദ്ധയിൽപെടുന്നത്. ഇത് കുറേ പാട്ടുകളിൽ കണ്ടിട്ടുണ്ടല്ലോ എന്നു ചിന്തിക്കുന്നത്. ആര് അണി‍ഞ്ഞാലും സ്റ്റൈൽ ആണ് ഈ ഡിസൈനിലുള്ള ഷർട്ട്. ഈ ഷർട്ടുകളണിഞ്ഞ് നായകൻമാരെത്തിയ പാട്ടുകളും അങ്ങനെ തന്നെയായിരുന്നു. മാലയിൽ നിന്ന് പൊട്ടിവീണ മുത്തുകൾ പോലെ തുള്ളിച്ചാടുന്ന സംഗീതമുള്ള പാട്ടുകൾ. വരികളിൽ പ്രണയവും സൗഹൃദവും സങ്കടവും പ്രതികാരവും പ്രതിഷേധവും ഒന്നുചേർന്ന വരികൾ. ആവേശോജ്വലമായി ഗായകരതു പാടുകയും ചെയ്തു. അഭിനേതാക്കൾ ആവേശോജ്വലമായി ആടിപ്പാടുകയും കൂടി ചെയ്തതോടെ മാസ് എന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാനില്ല ഈ പാട്ടുകളെ കുറിച്ച്.

എ.ആര്‍.റഹ്മാന്റെ ഹിറ്റ് പാട്ടുകളിലെ ആദ്യത്തെ രണ്ട് അക്ഷരങ്ങളും ഒന്നു തന്നെയാണെന്ന കൗതുകം പോലെയേയുളളൂ ഇതും. ഈ ഘടകം കാരണമൊന്നുമല്ല ഈ പാട്ടുകൾ ഹിറ്റ് ആയത്. പക്ഷേ അതിൽ എല്ലാത്തിലും ഈ ചുവപ്പന്‍ ഷർട്ടിന്റെ സാന്നിധ്യമുണ്ടെന്നു മാത്രം.