കളക്ടറായി അനുഷ്ക, കൈപിടിച്ച് ഉണ്ണി മുകുന്ദനും; പാട്ട് കാണാം

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനു ശേഷം അനുഷ്ക ഷെട്ടി 'ഭാഗമതി' എന്ന ചിത്രത്തിലാണു നായികയാകുന്നത്. ചിത്രത്തിന്റെ ടീസറില്‍ അനുഷ്ക റൊമാന്റിക് നായികയുടെ ലുക്കില്‍ മാത്രമായിരുന്നില്ല, ശരിക്കും പ്രേക്ഷകരെ പേടിപ്പിക്കുകയും ചെയ്തു. ഈ പാട്ടിലുള്ളത് പ്രണയാര്‍ദ്രയായ അനുഷ്കയാണ്. അനുഷ്കയും നമ്മുടെ സ്വന്തം ഉണ്ണി മുകുന്ദനും പ്രണയാർദ്രരായി അഭിനയിക്കുന്ന ഗാനം. അതിമനോഹരമായ ഈ മെലഡി ഇതിനോടകം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു. നിലാവിൻ ചന്തമുള്ള ദൃശ്യങ്ങളും ഈണവുമാണ് ചിത്രത്തിൽ നിന്ന് പുറത്തിറങ്ങിയ ആദ്യ ഗാനത്തിന്. 

മന്ദാര എന്ന പാട്ടിന്റെ ലിറികൽ വിഡിയോയാണു പുറത്തിറങ്ങിയത്.ഉണ്ണിയും അനുഷ്കയും ചേർന്ന ജോഡി മികച്ചു നിൽക്കുന്നു. ചിത്രത്തിൽ കളക്ടറുെട റോളിലാണ് അനുഷ്കയും അവൾക്ക് സ്നേഹപൂർവ്വം വഴികാട്ടിയാകുന്ന നായകനായി ഉണ്ണി മുകുന്ദനും എത്തുന്നതെന്നാണ് ട്രെയിലറും ഈ പാട്ടും സൂചന. ബുള്ളറ്റിലേറിയുള്ള അവരുടെ യാത്രകളും തമ്മിൽ തമ്മിലുള്ള നോട്ടങ്ങളും ചേർന്ന ലിറികൽ വിഡിയോ ആകർഷണീയമാണ്. ശ്രേയ ഘോഷാലാണു പാടിയത്. വിടർന്നു വരുന്നൊരു കുഞ്ഞു പാട്ടിന്റെ ഭംഗിയുണ്ട് ആ ആലാപനത്തിനു. തമന്റേതാണു സംഗീതം. ശ്രീജോയുടേതാണ് വരികൾ. പ്രണയം മാത്രം നിഴലിക്കുന്ന വരികളിലെ സംഗീതത്തിൽ രാജേഷ് വൈദ്യ വായിച്ച വീണയുടെ നാദവും തിരുമൂർത്തിയുടെ നാദസ്വരവും കാതിലങ്ങ് നിറഞ്ഞു നിൽക്കും. 

ഉണ്ണി മുകുന്ദനെ കൂടാതെ മലയാളത്തിന്റെ സ്വന്തം ജയറാമും ആശാ ശരത്തും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.