ഇവർ സിനിമ കാണാനെത്തിയത് പത്മാവതിയായി: നൃത്തമാടി ചീര്‍ ഗേൾസും

ഒരു സിനിമയോടുള്ള ഇഷ്ടം പലതരത്തിലാണ് പ്രേക്ഷകർ പ്രകടിപ്പിക്കുന്നത്. അമേരിക്കയിലെ ഒരു തീയറ്ററിൽ ദീപിക പദുക്കോണിന്റെ പത്മാവത് കാണാനെത്തിയവരിൽ പലരും പത്മാവതി ലുക്കിലാണ് എത്തിയത്. ചിത്രത്തിൽ പത്മാവതിയുടെ നൃത്തമുള്ള 'ഘൂമര്' പാട്ടിനൊപ്പം തീയറ്ററിൽ അവർ ആടിപ്പാടുകയും ചെയ്തു. അമേരിക്കയിൽ ഈ ഗാനവും അതിനൊപ്പമുള്ള ഡാൻസ് വിഡിയോകളും തരംഗമാണ്. 

സാൻ ഫ്രാന്‍സിസ്കോയിൽ കഴിയുന്ന ഇന്ത്യൻ കുടുംബങ്ങളാണ് ഒരു തീയറ്റർ മുഴുവൻ ബുക്ക് ചെയ്ത് സിനിമ കാണാനെത്തിയത്. സ്ത്രീകളിൽ മിക്കവരും 'ഘൂമര്' ഗാനത്തിൽ ദീപിക പദുക്കോൺ അണിഞ്ഞ ചുവപ്പൻ ലെഹംഗയാണു ധരിച്ചത്. തലമുടിയും ദേഹവും അതുപോലെ അലങ്കരിക്കുകയും ചെയ്തിരുന്നു. ഘൂമര് പാട്ട് എത്തിയതോടെ ഇരിപ്പിടങ്ങളിൽ നിന്നെഴുന്നേറ്റ് നൃത്തമാടാനും തുടങ്ങി.  അമേരിക്കയിൽ നടന്ന ഒരു ബാസ്കറ്റ് ബോൾ മത്സരത്തിൽ ചീർ ഗേൾസ് നൃത്തമാടിയതു പോലും ഈ പാട്ടിനൊപ്പമായിരുന്നു. ഈ വിഡിയോയും ഏറെ ശ്രദ്ധേയമായി. 

എ.എം.തുരാസ് എഴുതിയ ഗാനം ചിത്രത്തിന്റെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയാണു ചിട്ടപ്പെടുത്തിയത്. പാട്ടിലെ രാജസ്ഥാനി വരികളുടെ രചയിതാവ് സ്വരൂപ് ഖാനും ശ്രേയ ഘോഷാലും ചേർന്നാണ് പാട്ട് പാടിയത്. ഇതുവരെ പത്ത് കോടിയിലധികം പ്രാവശ്യമാണ് ഈ പാട്ട് യുട്യൂബ് വഴി ആളുകൾ കണ്ടത്. സെന്‍സർ ബോർഡുമായുള്ള യുദ്ധത്തിനു ശേഷം പത്മാവതിയെന്ന ചിത്രം പത്മാവത് എന്ന പേരു മാറ്റിയാണ് തീയറ്ററുകളിലെത്തിയത്. ദീപിക പദുക്കോണിന്റെ ഉദരഭാഗം ഘൂമര് ഗാനത്തിൽ നൃത്തമാടുമ്പോൾ ഏറെ കാണുന്നുവെന്നും അത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടതിനെ തുടർന്ന് വേണ്ട പാട്ടിന്റെ വിഡിയോ എഡിറ്റ് ചെയ്തതും വാർത്തകളിലിടം നേടി. 

Read More:Bollywood Music, Music News