തന്റെ പ്രണയത്തെക്കുറിച്ച് വാചാലയായി ശ്രേയ

തനി ബംഗാളി വധുവിന്റെ വേഷത്തിൽ, പ്രണയപ്പാതിയോടൊപ്പമിരിക്കുന്നൊരു ചിത്രം പങ്കുവച്ചുകൊണ്ടാണ് വിവാഹ ജീവിതത്തിലേക്കു കടന്ന വിവരം ഗായിക ശ്രേയ ഘോഷാൽ നമ്മെ അറിയിക്കുന്നത്. അവർ പാടിയ പാട്ടുകള്‍ പോലെ മധുരതരമായ പ്രണയത്തിനു ശേഷമായിരുന്നു ശൈലാദിത്യ മുഖോപാധ്യായയുമൊത്തുള്ള വിവാഹം. അഭിമുഖങ്ങളിൽ വ്യക്തി ജീവിതം അധികമൊന്നും സംസാരിക്കാത്ത ശ്രേയ തന്റെ മൂന്നാം വിവാഹ വാർഷികത്തിൽ ആ പ്രണയത്തെ കുറിച്ച് വാചാലയായി. സ്കൂളിലെ പൂർവ്വ വിദ്യാര്‍ഥി സംഗമത്തിൽ കണ്ട അന്നു മുതൽ തുടങ്ങിയ പ്രണയത്തെ കുറിച്ചാണ് ശ്രേയയുടെ എഴുത്ത്.

ഞാനൊരു ചെറിയ പെൺകുട്ടിയും നിങ്ങൾ ചെറിയൊരു ആൺ കുട്ടിയും മാത്രമായിരുന്നു അക്കാലത്ത്. സ്കൂളിലെ പൂർവ്വവിദ്യാർഥി സംഗമത്തിൽ തീർത്തും അപരിചതരെ പോലെ കണ്ടുമുട്ടി. പക്ഷേ ആദ്യ കൂടിക്കാഴ്ചയിൽ തന്നെ നമ്മളിരുവരുടെയും ഹൃദയത്തെ ചേർത്തുനിർത്തുന്നതെന്തോ സംഭവിക്കുകയായിരുന്നു. സിനിമയില്‍ കണ്ട, നോവലുകളിൽ വായിച്ച പ്രണയത്തിലൊന്നും യാഥാർഥ്യമുണ്ടെന്ന് ഞാൻ കരുതിയിരുന്നേയില്ല. പക്ഷേ കഴിഞ്ഞ മൂന്നു വർഷങ്ങൾക്കിടയിൽ അതിലെല്ലാം സത്യമുണ്ടെന്നു ഞാൻ മനസ്സിലാക്കുകയായിരുന്നു. ശ്രേയ കുറിച്ചു.

ശൈലാദിത്യ മുഖോപാധ്യായയുമായി പത്തു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ശ്രേയ വിവാഹിതയായത്. എഞ്ചിനീയറായ ശൈലാദിത്യ ഒരു സ്റ്റാർട്ട് അപ്പ് കമ്പനിയുടെ ഉടമയുമാണ്. 2002ൽ ദേവദാസ് എന്ന ചിത്രത്തിലെ ബേരി പിയാ...എന്ന പാട്ടും പാടിയാണ് ശ്രേയ പിന്നണി ഗാനരംഗത്തെത്തുന്നത്. ഒരു റിയാലിറ്റി ഷോയിൽ പാടിയ ശ്രേയയുടെ സ്വരം കേട്ട് ഇഷ്ടപ്പെട്ട സംവിധായകൻ സഞ്‍ജയ് ലീല ബൻസാലി തന്റെ പുതിയ ചിത്രമായ ദേവ്ദാസിലേക്കു ക്ഷണിക്കുകയായിരുന്നു. പതിനാറാം വയസിൽ ആദ്യ പാട്ടിനു തന്നെ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ ശ്രേയ പിന്നീടങ്ങോട്ട് ഇന്ത്യന്‍ സിനിമ ഗാനത്തിന്റെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. നാലു ദേശീയ പുരസ്കാരങ്ങള്‍, ആറു ഫിലിം ഫെയർ പുരസ്കാരങ്ങൾ എന്നിവയടക്കം നിരവധി അംഗീകാരങ്ങൾ നേടിയ ശ്രേയയെ തേടി രാജ്യാന്തര തലത്തിൽ നിന്നും പുരസ്കാരങ്ങൾ എത്തി.