‘ആ സംഭവങ്ങൾക്കു ശേഷം ദിലീപേട്ടൻ എനിക്ക് വികാരമായി’: ഗോപി സുന്ദർ

ദിലീപിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിന്റെ ഓഡിയോ ലോഞ്ചിൽ സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ വികാരനിർഭരമായ പ്രസംഗം. ദിലീപേട്ടൻ എനിക്ക് ഒരു വികാരമായി മാറിയിരിക്കുകയാണ് എന്നാണ് ഗോപി സുന്ദർ പരിപാടിയിൽ വച്ച് പറഞ്ഞത്. 

‘ആ സംഭവങ്ങൾക്കു ശേഷം ദിലീപേട്ടൻ എന്ന വ്യക്തി ഒരു വികാരം ആയി കൊണ്ടിരിക്കുകയാണ് എനിക്ക്. ആ വികാരം മുൻപ് രാമലീല എന്ന സിനിമയിലൂടെ ഞാൻ പ്രകടിപ്പിച്ചു. അതിനു ശേഷം ആ വികാരം വളർന്നു വളർന്നു എന്നിൽ ഒരുപാടു ചലനങ്ങൾ ഉണ്ടാക്കി, ആ ചലനങ്ങളുടെ ശക്തി എല്ലാം കൂടി വീണ്ടും ഒരു വേദി കൂടി ഒരുങ്ങി, അതാണ് കമ്മാരസംഭവം.’ ഗോപിസുന്ദർ പറഞ്ഞു. 

സംവിധായകന്‍ ജോഷി, അരുണ്‍ ഗോപി, ബ്ലസി, ലാല്‍ജോസ്, സിദ്ദിഖ്, താരങ്ങളായ നിവിന്‍ പോളി, സണ്ണി വെയിന്‍, സിദ്ധാര്‍ത്ഥ്, നമിത പ്രമോദ്, ശ്വേത മേനോന്‍, മുരളി ഗോപി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സിനിമയാണെന്നും പ്രതിസന്ധിഘട്ടങ്ങളിൽ കൂടെ നിന്ന പ്രേക്ഷകർക്ക് നന്ദിയുണ്ടെന്നും ദിലീപ് പറഞ്ഞു. സംവിധായകന്‍ രതീഷ് അമ്പാട്ട്, നമിതാ പ്രമോദ്, സിദ്ധാര്‍ത്ഥ് തുടങ്ങിയവര്‍ ചിത്രീകരണ അനുഭവങ്ങളും സിനിമയെ കുറിച്ചുള്ള പ്രതീക്ഷകളും പങ്കുവെച്ചു.

മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സിദ്ധാര്‍ഥ്, ബോബി സിന്‍ഹ, ശ്വേത മേനോന്‍, നമിത പ്രമോദ് തുടങ്ങിയവരാണു മറ്റ് അഭിനേതാക്കള്‍.ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രം വിഷുവിനു തിയറ്ററുകളിലെത്തും.