‘ഒാടിച്ചെന്ന് കെട്ടിപ്പിടിച്ചു’: അച്ഛന്റെ നേട്ടത്തിൽ ആഹ്ലാദിച്ച് വിജയ് യേശുദാസ്

ഗാനഗന്ധര്‍വ്വന്‍ യേശുദാസിന് മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ഇത്തവണ ലഭിച്ചത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. മലയാളികള്‍ക്കു മാത്രമല്ല, അദ്ദേഹത്തിന്‌റെ പ്രിയപ്പെട്ടവര്‍ക്കും അത് മധുരമുള്ളൊരു സർപ്രൈസായിരുന്നു. പുരസ്കാരത്തിന്റെ സന്തോഷം മനോരമ ഒാൺലൈനിനോട് പങ്കു വച്ച് മകനും പിന്നണി ഗായകനുമായ വിജയ് യേശുദാസ് പറഞ്ഞത് ഇതാണ്.

‘അപ്പ എനിക്കൊപ്പമുണ്ടായിരുന്നു. ചെന്നൈയിലെ വീട്ടില്‍. അദ്ദേഹം മുകളിലത്തെ നിലയിലായിരുന്നു. ഓടിപ്പോയി കെട്ടിപ്പിടിച്ചു...സന്തോഷം അത്രമാത്രം. എന്തുപറയണം എന്നെനിക്ക് അറിയില്ല. എനിക്കെന്നല്ല ഞങ്ങള്‍ക്കാര്‍ക്കും. അത്രമാത്രം സന്തോഷം.’ വിജയ് പറയുന്നു. 

‘അപ്പയ്ക്ക് ഇങ്ങനെയൊരു പുരസ്‌കാരം ഇനിയെത്തുമെന്ന് കരുതിയിരുന്നേയില്ല. ശരിക്കു പറഞ്ഞാല്‍ ഇപ്പോള്‍ ദേശീയ അവാര്‍ഡ് പ്രഖ്യാപിക്കുന്നതെന്നാണ് എന്നു പോലും നോക്കാറില്ല. അറിയാറില്ലെന്നു പറയുന്നതാവും കൂടുതല്‍ ശരി. ഇത്തവണയും അതുപോലെ തന്നെ. അവാര്‍ഡുണ്ടെന്ന് ട്വിറ്ററിലൂടെയും മറ്റുമാണ് അറിഞ്ഞത്. അദ്ദേഹത്തിന് എത്രയധികം പുരസ്‌കാരങ്ങള്‍ കിട്ടിയിരിക്കുന്നു. അപ്പോഴക്കെയുള്ളതുപോലെ തന്നെ അമിത ആഹ്ലാദമൊന്നുമില്ല. എപ്പോഴത്തേയും പോലെ എല്ലാം ഈശ്വരന്റെ കൃപ, ദൈവത്തിന്റെ അനുഗ്രഹം എന്നൊക്കെ മാത്രം പറഞ്ഞു. ഉള്ളിലൊത്തിരി സന്തോഷിക്കുന്നുണ്ടാകുമെന്നുറപ്പ്.’ വിജയ് പറഞ്ഞു. 

പി.ടി. കുഞ്ഞു മുഹമ്മദ് സംവിധാനം ചെയ്ത സ്‌നേഹപൂര്‍വ്വം മന്‍സൂര്‍ എന്ന ചിത്രത്തില്‍ പ്രേംദാസ് ഗുരുവായൂര്‍ എഴുതി രമേശ് നാരായണന്‍ ഈണമിട്ട പോയ് മറഞ്ഞ കാലം എന്ന പാട്ടിനാണ് യേശുദാസിനെ തേടി ഇരുപത്തിയഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കിപ്പുറം മികച്ച ഗായകനുള്ള പുരസ്കാരം എത്തുന്നത്.