Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രേയയുടെ പ്രവചനം ശരിയായി: തരംഗമായി ‘ഉമ്മ പാട്ട്’

jeevamshamai-song

‘ഇൗ പാട്ട് ഭാഷാഭേദങ്ങൾ മറികടക്കും. നിങ്ങൾക്കെല്ലാവർക്കും ഇതിഷ്ടമാകും. ഞാനുറപ്പു തരുന്നു.’ ഒരു മലയാള ഗാനം പാടിയ ശേഷം പ്രിയ ഗായിക ശ്രേയാ ഘോഷാൽ പറഞ്ഞ വാക്കുകളാണിത്. പുറത്തിറങ്ങി നാലു ദിവസങ്ങൾ ആയതേ ഉള്ളുവെങ്കിലും ശ്രേയയുടെ ഇൗ പ്രവചനം സത്യമായി എന്നാണ് ‘ഉമ്മ പാട്ട്’ എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന തീവണ്ടി സിനിമയിലെ ജീവാംശമായി താനേ... എന്ന ഗാനം തെളിയിക്കുന്നത്. 

നാലു ദിവസങ്ങൾ കൊണ്ട് 8 ലക്ഷത്തിലധികം ആളുകളാണ് യൂട്യൂബിലൂടെ ഇൗ ഗാനം കണ്ടത്. മാത്രമല്ല െട്രൻഡിങ്ങ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ് ഇൗ പാട്ട്. ‘ആദ്യം വലി നിർത്ത്, എന്നിട്ടു മതി ഉമ്മ’ എന്ന് നായിക പാട്ടിനിടയിൽ ടൊവീനോയുടെ കഥാപാത്രത്തോട് പറയുന്ന ഡയലോഗും ഹിറ്റായി കഴിഞ്ഞു. 

പ്രധാനമായും പ്രണയരംഗങ്ങൾ ഉൾപ്പെടുത്തിയാണ് ഇൗ പാട്ട് ചിത്രീകരിച്ചിരിക്കുന്നത്. ഇൗ ഗാനം പാടാനെത്തിയ ശ്രേയ അന്ന് പാട്ടിനെയും ഇൗണം കൊടുത്ത പുതുമുഖ സംഗീത സംവിധായകൻ കൈലാസ് മേനോനെയും അഭിനന്ദിച്ചിരുന്നു. വളരെ മികച്ച ഒരു മെലഡി ഗാനമാണിതെന്നും ഒരു പുതുമുഖമാണ് ഇൗ പാട്ടിനു സംഗീതം കൊടുത്തതെന്ന് അറിയുന്നതിൽ സന്തോഷമുണ്ടെന്നും ശ്രേയ അന്ന് പറഞ്ഞിരുന്നു. 

സ്ഥിരമായി പുകവലിക്കുന്ന ചെറുപ്പക്കാരന്റെ റോളിൽ ടൊവീനോ എത്തുന്നു. ടൊവീനോയുടെ കാമുകിയായി സംയുക്ത മേനോനാണ് അഭിനയിക്കുന്നത്. നാട്ടിൻപുറം പശ്ചാത്തലമാക്കിയാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. 90–കളിലെ ചില മലയാള സിനിമകളിലെ ഹിറ്റ് പാട്ടുകൾ പോലെയാണ് തീവണ്ടിയിലെ ഇൗ ഗാനവും ആസ്വാദകന് അനുഭവപ്പെടുക. മനോഹരമായ സംഗീതവും അർഥപൂർണമായ വരികളും നയനമനോഹരമായ രംഗങ്ങളും ചേരുമ്പോൾ പാട്ട് ഹൃദയത്തിൽ തൊടുന്നതാകും, 

ഇൗ ഗാനം രചിച്ചിരിക്കുന്നത് ഹരിനാരായണനാണ്. ശ്രേയയും ഹരിശങ്കറും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. തീവണ്ടി സംവിധാനം ചെയ്യുന്നത് ഫെലിനി ടി.പി എന്ന പുതുമുഖമാണ്. ഛായാഗ്രഹണം നിർവഹിക്കുന്നത് ഗൗതം ശങ്കറും ചിത്രം എഡിറ്റ് ചെയ്യുന്നത് സംസ്ഥാന പുരസ്കാര ജേതാവായ അപ്പു ഭട്ടതിരിയുമാണ്.