‘ആ പാട്ടിൽ എന്നെ പൊക്കിയെടുത്തതിനു നന്ദി’ നായകനോട് തമന്ന

തെന്നിന്ത്യയിലെ തിളങ്ങും നായികയായ തമന്ന ഭാട്യ നായികയാകുന്ന പുതിയ ചിത്രമാണ് ‘നാ നുവ്വെ’. നന്ദമുറി കല്യാൺ റാം നായകനായ ഇൗ സിനിമയുടെ ഒാഡിയോ ലോഞ്ചിൽ വച്ച് തമന്ന നടത്തിയ പ്രസംഗം ശ്രദ്ധേയമാകുകയാണ്.

ചിത്രത്തെക്കുറിച്ചും അണിയറക്കാരെക്കുറിച്ചും സംസാരിച്ച തമന്ന ഒടുവിൽ നായകനോട് താൻ വളരെ കടപ്പെട്ടിരിക്കുന്നുവെന്നു പറഞ്ഞു. ‘ഏറ്റവും പിന്തുണ നൽകുന്ന ഒരു സഹഅഭിനേതാവാണ് കല്യാൺ. മറ്റൊരെങ്കിലുമായിരുന്നു നായകനെങ്കിൽ ഇൗ സിനിമയിൽ എനിക്ക് അഭിനയിക്കാനാവുമായിരുന്നില്ല. നിജമാ മനസ്സാ എന്ന ഗാനത്തിലെ സൽസ നൃത്തം അഭ്യസിക്കുന്നതിനായി ഞങ്ങൾ വളരെയധികം കഷ്ടപ്പെട്ടു.’ തമന്ന പറഞ്ഞു.

‘സാധാരണ ഗാനരംഗങ്ങൾ ഷൂട്ട് ചെയ്യാൻ ഏതെങ്കിലും വിനോദസഞ്ചാര കേന്ദ്രത്തിലോ മലമുകളിലോ ആണ് പോകാറ്. എന്നാൽ ഇൗ പാട്ട് അങ്ങനെയല്ലായിരുന്നുവെന്നതിൽ സന്തോഷമുണ്ട്. കല്യാൺ എന്നെ ഒരു നൂറു പ്രാവശ്യമെങ്കിലും എടുത്തു പൊക്കിയിട്ടുണ്ടാവും. റിഹേഴ്സൽ സമയത്ത് കല്യാൺ എനിക്കു പകരം കൊറിയൊഗ്രാഫറുടെ മെയിൽ അസിസ്റ്റന്റിനെയാണ് എടുത്തുയർത്തിയിരുന്നത്. എന്നെ എടുത്തുയർത്തുന്നത് എളുപ്പമാകാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. അത്രയും സമർപ്പണമനോഭാവത്തോടെയാണ് അദ്ദേഹം ഷൂട്ടിങ്ങിൽ പങ്കെടുത്തത്. ഒരു നായകനും അങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. നിങ്ങൾ എനിക്കൊരു വലിയ മാതൃകയാണ് സമ്മാനിച്ചത്. നന്ദി കല്യാൺ.’ തമന്ന കൂട്ടിച്ചേർത്തു. 

‘നിജമാ മനസ്സ്’ എന്ന ഗാനത്തിന്റെ ടീസറിൽ നായകനൊപ്പം ഗ്ലാമറസ്സായാണ് തമന്ന എത്തുന്നത്. മലയാളിയായ പ്രശസ്ത സംഗീതജ്ഞൻ ശരത്താണ് പാട്ടിന് ഇൗണം നൽകിയിരിക്കുന്നത്. അനന്ത ശ്രീറാമാണ് വരികൾ രചിച്ചിരിക്കുന്നത്. യാസിൻ നിസാറും മാനസിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജയേന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് പി.സി. ശ്രീറാമാണ്.