‘നാണം കാരണം പുറത്തിറങ്ങാഞ്ഞ ജ്യോതിക്കായി ആ മാലയുണ്ടാക്കി’

ലാൽജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ഗാനമായ ‘ചിങ്ങമാസം വന്നു ചേർന്നാൽ’ അന്നുമിന്നും മലയാളി കേൾക്കാനിഷ്ടപ്പെടുന്ന പാട്ടുകളിലൊന്നാണ്. വിദ്യാസാഗർ ഇൗണമിട്ട് ശങ്കർ മഹാദേവനും റിമി ടോമിയും ചേർന്ന് പാടിയ ഗാനത്തിന്റെ രംഗങ്ങളിൽ അഭിനയിച്ചത് ദിലീപും ജ്യോതിർമയിയുമാണ്. ഇരുവരുടെയും നൃത്തവും ഗാനത്തിന്റെ ചടുലതുമാണ് പ്രേക്ഷകരെ ഏറെ ആകർഷിച്ചത്. ഇൗ പാട്ടിന്റെ ചിത്രീകരണസമയത്തുണ്ടായ ചില രസകരമായ അനുഭവങ്ങൾ മഴവിൽ മനോരമയിലെ നായിക നായകൻ പരിപാടിയിൽ വച്ച് സംവിധായകൻ ലാൽ ജോസ് വെളിപ്പെടുത്തുകയുണ്ടായി. ഇതേ പാട്ടിനായി തേജസ് മിന്റു എന്നീ മത്സരാർഥികൾ ചേർന്ന് അവതരിപ്പിച്ച നൃത്തിന്റെ വിധിനിർണയ സമയത്താണ് ലാൽജോസ് ഇൗ പാട്ട് ഷൂട്ട് ചെയ്ത സമയത്തുണ്ടായ സംഭവങ്ങൾ ഒാർത്തെടുത്തത്. 

ജ്യോതിർമയി അതുവരെ ഡാൻസ് ചെയ്തിട്ടേ ഇല്ലായിരുന്നു. ദിലീപാവട്ടെ അത്രയും ഒരു ഫാസ്റ്റ് നമ്പറിനൊപ്പം ഡാൻസ് ചെയ്തിട്ടില്ല. ദിലീപിന്റെ ജീവിതത്തിലെ നിർണായകമായ ഒരു ദിവസമാണ് ആ പാട്ട് ഞങ്ങൾ ഷൂട്ട് ചെയ്യുന്നത്. ദിലീപിനെ രണ്ടു വർഷത്തേക്ക് വിലക്കി എന്നൊരു വാർത്ത വന്നത് അപ്പോഴാണ്. ലൊക്കേഷൻ മൊത്തത്തിൽ നിന്നു പോയി. എന്നെ സംബന്ധിച്ച് രണ്ടാം ഭാവം എന്നൊരു വലിയ പരാജയത്തിനു ശേഷം ഒരുക്കുന്ന സിനിമയായിരുന്നു അത്. ഡു ഒാർ ഡൈ എന്ന സാഹചര്യത്തിൽ ചെയ്ത ചിത്രം. അത് നടന്നില്ലായിരുന്നുവെങ്കിൽ എന്റെ കാര്യത്തിനും തീരുമാനമാകും. അപ്പോഴാണ് നായകന് വിലക്കു വരുന്നത്. ഞാനും അവനും മാനസികമായി തകർന്നു പോയി. അതു കഴിഞ്ഞ് ദൈവം ഒരു പരിഹാരം തന്നു. അതെന്താണെന്ന് ഞാനിവിടെ പറയില്ല. അത്തരം ചില സൂത്രങ്ങൾ സിനിമയിൽ ഉപയോഗിക്കാറുള്ളതാണ്

 

അങ്ങനെ ലഭിച്ച ഒരു അഡീഷനൽ എനെർജിയിൽ‌ ഞങ്ങൾ സിനിമ ചെയ്യും എന്ന് തീരുമാനിച്ചു. ഇറക്കാൻ പറ്റിയാൽ ഇറക്കാം അല്ലെങ്കിൽ വേണ്ട എന്നു തീരുമാനിച്ചു. ആ എനെർജി മുഴുവൻ ആ പാട്ട് ഷൂട്ട് ചെയ്തപ്പോൾ ദിലീപിനുണ്ടായിരുന്നു. അതു കൊണ്ടാണ് ദിലീപ് അത്ര നന്നായി അതു ചെയ്തതും. പിന്നെയും കുറച്ചു പ്രശന്ങ്ങളുണ്ടായിരുന്നു. ആ പാട്ടിലെ വസ്ത്രം ധരിച്ച് ജ്യോതിക്ക് പുറത്തിറങ്ങാൻ മടിയായിരുന്നു. അന്നിതു പോലെ കാരവനൊന്നുമില്ല. യൂണിറ്റ് ബസിനുള്ളിലാണ് വസ്ത്രം മാറുന്നതൊക്കെ. പാട്ടിന്റെ ഇടയ്ക്കുള്ള ഒരു ഭാഗമാണ് ഷൂട്ട് ചെയ്യുന്നത്. ഞങ്ങൾ കാത്തിരുന്നിട്ടും ജ്യോതി വന്നില്ല. ഞാൻ അസിസ്റ്റൻസിനോടൊക്കെ ചൂടായി. ജ്യോതി പുറത്തിറങ്ങുന്നില്ലെന്ന് അവർ എന്നോടു പറഞ്ഞു. ഞാൻ ജ്യോതിയുടെ അടുത്തേക്ക് ചെന്നു. 

 

ബ്ലൗസും ബോട്ടവുമാണ് ജ്യോതിയുടെ വേഷം. ഷാളും മറ്റൊന്നുമില്ല. എനിക്ക് പ്രശ്നം മനസ്സിലായി. ആദ്യമായാണ് ജ്യോതി അങ്ങനെയൊരു വേഷം ധരിക്കുന്നതും. അതു കൊണ്ട് എനിക്ക് നിർബന്ധിക്കാനും തോന്നിയില്ല. ഷാളും മറ്റും നോക്കിയെങ്കിലും ആ ഡ്രെസ്സുമായി ഇണങ്ങുന്ന ഒന്ന് കിട്ടിയില്ല. ഒരു കാട്ടു പ്രദേശത്താണ് ഷൂട്ടിങ്ങ്. എവിടെയെങ്കിലും പോയി വാങ്ങാനുള്ള സാഹചര്യവുമില്ല. അപ്പോഴാണ് മെയ്ഫ്ലവർ എന്നറിയപ്പെടുന്ന പൂവിന്റെ ഇതളുകൾ അവിടെയാകമാനം കിടക്കുന്നത് ഞാൻ കണ്ടത്. ഉടനെ ആർട്ട് ഡയറക്ടർ ജോസഫ് നെല്ലിക്കലിനെ വിളിച്ച് ആ പൂവിന്റെ ഇതളുകൾ കൊണ്ട് ഒരു മാലയുണ്ടാക്കാൻ പറ്റുമോ എന്നു ചോദിച്ചു. അങ്ങനെ ജ്യോതിയുടെ നാണം മറയ്ക്കാനായി ആ മാലയുണ്ടാക്കി. ആ ഭാഗത്ത് മാലയിട്ടാണ് ഡാൻസ് കളിപ്പിച്ചത്. പിന്നീട് ഇൗ പാട്ടിന്റെ ആദ്യ ഭാഗം ചെയ്തപ്പോൾ ഇൗ മാല ദിലീപിന്റെ കഴുത്തിലിട്ട് അത് ദിലീപ് ജ്യോതിയുടെ കഴുത്തിലിടുന്നതു പോലെ ഷൂട്ട് ചെയ്തു.

ഇൗ ഒാർമകൾ തനിക്ക് തിരിച്ചു തന്നതിന് ലാൽജോസ് മത്സരാർഥികളോട് നന്ദി പറഞ്ഞു. ലാൽ ജോസിന്റെ അനുഭവകഥയെ കയ്യടിച്ചാണ് ആസ്വാദകർ സ്വീകരിച്ചത്. പരിപാടിയിലെ മറ്റു വിധികർത്താക്കളായ കുഞ്ചാക്കോ ബോബനും സംവൃതാ സുനിലും ലാൽ ജോസിനൊപ്പം ഉണ്ടായിരുന്നു.