വിട പറഞ്ഞ പ്രിയതമയുടെ പിറന്നാൾ ദിനത്തിൽ ബിജിബാലിന്റെ സമ്മാനം

മരണത്തിനു പോലും വേര്‍പിരിക്കാനാകാത്ത ചില ബന്ധങ്ങളുണ്ട് ഭൂമിയില്‍. ഒപ്പമില്ലെങ്കിലും കാഴ്ചയ്ക്കപ്പുറം നിന്ന് അവർ നമ്മുടെ ജീവിതത്തിന് മഴവില്ലഴക് സമ്മാനിച്ചുകൊണ്ടേയിരിക്കും. മായുന്ന സന്ധ്യയെ കണ്ടിരിക്കും നേരമുണ്ടാകുന്നൊരു, ശൂന്യത പേറുന്നൊരു നോവു പോലെയാണ് ആ വിരഹമെങ്കിലും അവര്‍ സമ്മാനിച്ച ഓര്‍മ്മകള്‍ ഓര്‍ത്തിരിക്കാന്‍ ഒരു ജന്മം തന്നെ മതിവരില്ല. ജീവിതത്തേയും അവര്‍ സമ്മാനിച്ചു പോകുന്ന ജീവന്റെ പാതിയേയും ചേര്‍ത്തുനിര്‍ത്തി മുന്‍പോട്ടു പോകാന്‍ ആ ഓര്‍മ്മകളോളം ഊർജം പകരുന്ന മറ്റൊന്നുമില്ല. ഈ വിഡിയോ അങ്ങനെയൊരു ഓര്‍മയില്‍ നിന്ന് ജന്മമെടുത്തതാണ്. 

സംഗീത സംവിധായകന്‍ ബിജിബാല്‍ തന്റെ പ്രിയതമ ശാന്തിയുടെ ഓര്‍മകൾക്കും മുന്‍പില്‍, അവരുടെ പിറന്നാള്‍ ദിനത്തില്‍ സമര്‍പ്പിച്ചതാണ് ഈ വിഡിയോ. മയീ മീനാക്ഷി ആദ്യ കാഴ്ചയിലേ ഹൃദയത്തോടു ചേരും. അപ്രതീക്ഷിതമായി ജീവിതത്തില്‍  നിന്നു മരണത്തിലേക്കു നടന്നവള്‍ക്ക് ഹൃദയസ്പര്‍ശമായൊരു സമ്മാനം. എന്നും ചിരിക്കുന്ന പെണ്‍കുട്ടിയ്ക്ക് എന്നാണ് വിഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ആമുഖം. 

വിഡിയോയുടെ ആശയവും സംഗീതവുമെല്ലാം ബിജിബാല്‍ തന്നൊണ്. ഇതിലെ ഗാനം പാടിയത് സൗമ്യ രാമകൃഷ്ണനാണ്. പ്രശാന്ത് രവീന്ദ്രന്റേതാണ് ഛായാഗ്രഹണം. സംഗീതവും നൃത്തവും ഓര്‍മ്മകളും ഇതള്‍ ചേര്‍ന്ന വിഡിയോ ഈ ഭൂമിയിലെ നിത്യപ്രണയങ്ങളുടെ പരിശുദ്ധി നമ്മെ ഓര്‍മപ്പെടുത്തുന്നു.