‘അവാർഡ് പ്രതീക്ഷിച്ചല്ല പാടിയത്, ആ പാട്ട് മാഷ് കുട്ടികളെ പഠിപ്പിക്കും പോലെ പഠിപ്പിച്ചു തന്നത്’

അവാർഡ് പ്രതീക്ഷിച്ചല്ല താൻ ഭയാനകത്തിലെ പാട്ടു പാടിയതെന്നും അവാർഡിനൊക്കെ പരിഗണിച്ചുവെന്നത് തന്നെ വലിയ കാര്യമാണെന്നും ഗായകൻ അഭിജിത്ത് കൊല്ലം. ഭയാനകം സിനിമയുടെ ഒാഡിയോ ലോഞ്ച് വേളയിലാണ് അഭിജിത്ത് ഇൗ തുറന്നു പറച്ചിൽ നടത്തിയത്. യേശുദാസിനെ പോലെ പാടിയതിനാണ് അഭിജിത്തിന് സംസ്ഥാന അവാർഡ് നിഷേധിച്ചതെന്ന വാർത്ത നേരത്തെ വന്നിരുന്നു.

‘എനിക്ക് ലഭിച്ച അനുഗ്രഹമാണ് അർജുനൻ മാഷ് ഇൗണമിട്ട് ശ്രീകുമാരൻ തമ്പി സാർ എഴുതിയ പാട്ട് പാടാൻ സാധിച്ചുവെന്നത്. അവാർഡൊന്നും പ്രതീക്ഷിച്ചിട്ടേയില്ല. അവാർഡിന് പരിഗണിച്ചുവെന്ന് അറിയുന്നത് തന്നെ വലിയ കാര്യം.’ അഭിജിത്ത് പറഞ്ഞു. സംസ്ഥാന അവാർഡ് നേടാൻ സാധിക്കാഞ്ഞ അഭിജിത്തിനെ തേടി ടൊറന്‍റോ ഇന്‍ര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം അവാര്‍ഡ് 2018–ലെ മികച്ച ഗായകനുള്ള പുരസ്കാരം എത്തിയിരുന്നു. ആകാശമിഠായി എന്ന ചിത്രത്തിലെ ‘ആകാശപ്പാലക്കൊമ്പത്ത്’ എന്നു തുടങ്ങുന്ന തുടങ്ങുന്ന ഗാനത്തിനാണ് പ്രേക്ഷകരുടെ വോട്ടെടുപ്പിലൂടെ ലഭിക്കുന്ന പുരസ്കാരം അഭിജിത്തിന് ലഭിച്ചത്. 

‘അഭിജിത്ത് വിജയൻ കഴിവുള്ള പാട്ടുകാരനാണ്. അദ്ദേഹത്തിന് ഇൗ ഒരു കാരണത്താൽ പുരസ്കാരം നിഷേധിച്ചെന്ന് ഇപ്പോഴാണറിയുന്നത്. അതിൽ വളരെ വിഷമമുണ്ട്. അഭിജിത്തിന്റെ ശബ്ദത്തിന് യേശുദാസിന്റെ ശബ്ദവുമായി സാമ്യമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. അഭിജിത്ത് ശബ്ദം അനുകരിച്ചതായും തോന്നിയില്ല. അത് ആ പയ്യന്റെ യഥാർഥ ശബ്ദമാണ്. അങ്ങനെയൊക്കെ അനുകരിക്കാൻ കഴിയുമോ ?’ ഭയാനകം എന്ന ചിത്രത്തിന്റെ സംവിധായകൻ ജയരാജ് പറഞ്ഞിട്ടാണ് ഞാൻ അഭിജിത്തിനെ സിനിമയിൽ പാടാൻ വിളിക്കുന്നത്. കൊല്ലത്ത് നന്നായി പാടുന്ന ഒരു പയ്യനുണ്ടെന്നു പറഞ്ഞു, അങ്ങനെ പാട്ടു പാടി കേട്ടപ്പോൾ സംവിധായകൻ ജയരാജിനും എനിക്കും ഇഷ്ടപ്പെട്ടു, അങ്ങനെ ചിത്രത്തിൽ പാടിക്കുകയായിരുന്നു’ അഭിജിത്തിന് അവാർഡ് നിഷേധിച്ചെന്ന വാർത്തയറിഞ്ഞ അർജുനൻ മാഷ് അന്ന് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. 

ഭയാനകം എന്ന സിനിമയിലെ അഭിജിത്ത് വിജയൻ പാടിയ ‘കുട്ടനാടൻ കാറ്റു ചോദിക്കുന്നു’ എന്ന ഗാനമാണ് പുരസ്കാരത്തിനായി അവസാന റൗണ്ടിൽ എത്തിയത്. അവാർഡ് നിർണയ വേളയുടെ അവസാനഘട്ടത്തിലാണ് യേശുദാസല്ല, മറ്റൊരാളാണ് പാടിയെതെന്ന് ജൂറി അംഗങ്ങൾക്കു മനസ്സിലായതെന്നായിരുന്നു വാര്‍ത്ത.