ദൃശ്യകലയുടെ പുത്തൻവിസ്മയവുമായി നാനോ മ്യൂസിക് മൂവി

മലയാളത്തിൽ വ്യത്യസ്തമായ പരീക്ഷണവുമായി നാനോ മ്യൂസിക് മൂവി. ദൃശ്യകലയുടെ ചരിത്രത്തിലെ പുതിയ ചുവടുവയ്പ്പ് ആകും ഈ സംരംഭം. നാനോ എന്ന ശാസ്ത്ര വസ്തുത ഇനി സെല്ലുലോയ്ഡിലെ ഭാവനാ സൗന്ദര്യത്തിലേക്ക് പറിച്ചു നടുകയാണ്. പ്രശസ്ത കൊറിയോഗ്രാഫർ ഇംതിയാസ് അബൂബക്കറാണ് മദർലാന്റ് എന്ന് പേരിട്ടിട്ടുള്ള ഈ കൊച്ചു മ്യൂസിക് മൂവിയുടെ കഥയും സംവിധാനവും നിർമാണവും നിർവഹിച്ചിരിക്കുന്നത്. 

വലിയ ബജറ്റിലാണ് പ്രോജക്ട് ഒരുങ്ങിയിരിക്കുന്നത്. ദൃശ്യ കലയുടെ, കഥയുടെ, അഭിനയത്തിന്റെ സാങ്കേതികതയുടെ അനന്യമായ ശക്തി സൗന്ദര്യങ്ങൾ അഞ്ചുമിനിറ്റിലേക്ക് ഇംത്യാസ് ആവാഹിച്ചിരിക്കുന്നു.

അൻവർ റഷീദിന്റെ അസോസിയേറ്റ് ഡയറക്ടറും, നടനുമായ സലാം ബുക്കാരിയാണ് ഇതിലെ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ജർമനിയിൽ നിന്നുമുള്ള പെർഫോമിങ് ആർട്ടിസ്റ്റ് മയം അലിയ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ബാലതാരമായ ഒഫിർ നാസ്, പറവ ഫെയിം ഗോവിന്ദ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. 

സമീർ ഹക്കാണ് ക്യാമറ. എഡിറ്റർ അയൂബ് ഖാൻ. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. സംഗീത സംവിധാനവും ആലാപനവും നിർവഹിച്ചിരിക്കുന്നത് രാകേഷ് കേശവൻ. ഗാനരചന ഇംതിയാസ് അബൂബക്കറും ശ്രിയയും ചേർന്ന് നിർവഹിച്ചിരിക്കുന്നു. പദ്മാവതിന്റെ കോസ്റ്റ്യൂം അസിസ്റ്റന്റായ ജോമോൻ ജോൺസൺന്റിന്റേതാണ് വസ്ത്രാലങ്കാരം.