Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിത്രയുടെ ഓണം ആലപ്പുഴ ദുരിതാശ്വാസ ക്യാംപിൽ

chitra

ഗായിക കെ.എസ് ചിത്രയുടെ തിരുവോണം ദുരിതബാധിതർക്കൊപ്പം. ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്കൊപ്പമാകും ചിത്രയുടെ ഇത്തവണത്തെ തിരുവോണം. മന്ത്രി തോമസ് ഐസക്കും പങ്കെടുക്കും.

അതിനിടെ തിരുവനന്തപുരത്തെ കോട്ടണ്‍ഹില്‍ സ്കൂളിലെ ദുരിതാശ്വാസ ക്യാംപ് ചിത്ര സന്ദര്‍ശിച്ചിരുന്നു.  ക്യാംപിലുള്ളവര്‍ക്കായി ഓണപ്പാട്ടും പാടിയതിന് ശേഷമാണ് ചിത്ര അവിടെ നിന്നും തിരിച്ചത്.

സംസ്ഥാനത്ത് വിവിധ ദുരിതാശ്വാസ ക്യാംപുകളിൽ വിഭവ സമാഹരണം നടത്തിയ തിരുവനന്തപുരത്തെ കോട്ടൺഹിൽ ഹൈസ്കൂളിലെ നൂറു കണക്കിന് ചെറുപ്പക്കാർക്ക് ചിത്ര നന്ദി പറയുകയുണ്ടായി. പിന്നണി ഗായകരായ അൻവർ സാദത്ത്, രാജലക്ഷ്മി എന്നിവരും കെ.എസ് ചിത്രക്കൊപ്പം ക്യാംപിൽ എത്തി. വിതരണത്തിനായി കൊണ്ടുവന്ന ശുചീകരണ സാമഗ്രികൾ കൈമാറുകയും ചെയ്തു. അസിസ്റ്റന്റ് കലക്ടർ പ്രിയങ്ക ഐഎഎസിന്റെ അഭ്യർത്ഥന മാനിച്ച് കോട്ടൺഹിൽ സ്കൂളിൽ നിന്ന് ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് പുറപ്പെട്ട അവസാന ലോറിക്ക് അവർ പച്ചക്കൊടി കാട്ടി. 

മറ്റു ഗായകർ ഒപ്പം ചേർന്ന് സന്നദ്ധ സേവകർക്കായി ഗാനങ്ങളും ആലപിച്ചു. നേരത്തേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ.എസ് ചിത്ര രണ്ടു ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. 

ധനമന്ത്രി ഡോ: തോമസ് ഐസക്കിന്റെ ആവശ്യപ്രകാരം കലയുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗായകരും സംഗീതജ്ഞരും ആലപ്പുഴ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ആഗസ്റ്റ് 21 മുതൽ പ്രതിഫലം വാങ്ങാതെ കലാപരിപാടികൾ അവതരിപ്പിച്ചു വരികയാണ്. കേരളാ ആർട് ലവേഴ്സ് അസോസിയേഷൻ (കല), മറ്റ് സംഗീത സന്നദ്ധ സംഘടകളുമായി ചേർന്ന് നടത്തി വരുന്ന 'സാന്ത്വന സംഗീതം ' പരിപാടിയുമായി ബന്ധപ്പെട്ട് നടത്തിവരുന്ന പരിപാടിയുടെ ഭാഗമാണ് ഇത്.