അഡാറ് ഗാനം: പ്രിയ വാര്യർക്കെതിരായ കേസ് റദ്ദാക്കി

'മാണിക്യ മലരായ പൂവി' എന്ന ഗാനവുമായി ബന്ധപ്പെട്ടു ചിത്രത്തിലെ നായിക പ്രിയ വാര്യർക്കെതിരായ കേസ് സുപ്രീംകോടതി റദ്ദാക്കി. മത വികാരം വ്രണപ്പെടുത്തി എന്നാരോപിച്ചു തെലങ്കാന പോലീസ് രെജിസ്റ്റർ ചെയ്ത എഫ്ഐആർ ആണ് കോടതി റദ്ദാക്കിയത്. സിനിമയുടെ സംവിധായകൻ ഒമർ ലുലു, നിർമ്മാതാവ് എന്നിവർക്കെതിരായ കേസുകളും സുപ്രീംകോടതി റദ്ദാക്കി. 

'നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ' എന്ന് തെലങ്കാന സർക്കാരിനോട് സുപ്രീം കോടതി വാക്കാല്‍ ചോദിച്ചു. 'സിനിമയിൽ ആരെങ്കിലും ഒരു പാട്ടുപാടും, നിങ്ങൾ അതിനെതിരെ കേസെടുക്കും', ഹർജി റദ്ദാക്കവെ സുപ്രീം കോടതി വിമർശിച്ചു. ഗാനത്തിനെതിരെ ഹൈദരാബാദിലെ ഒരു സംഘമാണ് പൊലീസിൽ പരാതി നൽകിയത്.

സിനിമയിലെ ഗാനത്തെക്കുറിച്ചുള്ള പരാതി പരിശോധിക്കേണ്ടത്, സെൻസർ ബോർഡ് ആണ്. പൊലീസല്ല. പ്രശസ്തമായ ഒരു ഗാനത്തിന്റെ ദൃശ്യങ്ങളിൽ കണ്ണുചിമ്മുന്നത് ദൈവനിന്ദയായി കാണാൻ കഴിയില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

ചിത്രത്തിലെ ഗാനത്തിന് എതിരെ വലിയ വിമർശനങ്ങളാണു വിവിധ കോണുകളിൽ നിന്നു ഉയർന്നത്. പഴയ മാപ്പിളപ്പാട്ട് പുതിയ രീതിയില്‍ ചിത്രത്തിൽ അവതരിപ്പിക്കുകയായിരുന്നു. ഷാൻ റഹ്മാനാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയത്. 

പുറത്തിറങ്ങി ദിവസങ്ങൾക്കകം തന്നെ ഗാനം യുട്യൂബിൽ തരംഗമായിരുന്നു. വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ ഗാനം പിൻവലിക്കാനാകില്ലെന്നു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.