കാര്യങ്ങൾ അവതരിപ്പിച്ചതു വൈകാരിക നിമിഷത്തിനൊടുവിൽ: ഇഷാൻ ദേവ്

വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകൾ തേജസ്വിനിയുടെയും മരണവിവരം ഭാര്യ ലക്ഷ്മിയെ അറിയിച്ചതു വൈകാരിക നിമിഷങ്ങൾക്കൊടുവിലെന്നു ഗായകനും സംഗീതസംവിധായകന്‍ ഇഷാൻ ദേവ്. എല്ലാം താങ്ങാനുള്ള മനഃശക്തി ലക്ഷ്മിക്കുണ്ടാകുന്നതിനായി എല്ലാവരുടെയും പ്രാർഥനവേണമെന്നും ഇഷാൻ ദേവ് ഫെയ്സ് ബുക്കിൽ കുറിച്ചു.

ഇഷാന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

'ലക്ഷ്മി ചേച്ചിയോട് അമ്മ കാര്യങ്ങൾ അവതരിപ്പിച്ചു ,ഒരുപാടു വൈകാരിക നിമിഷങ്ങൾക്കൊടുവിൽ ...ലക്ഷ്മി ചേച്ചി ആരോഗ്യസ്ഥിതി ഇനിയും സാധാരണഗതി ആകാത്തതിനാൽ icu -വിൽ -തന്നെ തുടരേണ്ടതായിട്ടുണ്ട് എന്ന് ചേച്ചിയുടെ അച്ഛൻ ഇപ്പൊ എന്നോട് പറഞ്ഞു.ഞങ്ങൾ കുറച്ച് സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ടിവിടെ ,മനസുകൊണ്ട് എല്ലാം താങ്ങാനുള്ള ശ്കതി ചേച്ചിക്ക് കിട്ടാൻ എല്ലാരും പ്രാർത്ഥിക്കണം...ബാലു അണ്ണന്റെ ലക്ഷിചേച്ചിക്ക് ഒരായിരം പ്രാർത്ഥനയോടെ ആയിരക്കണക്കിന് ആഭ്യൂതിയകാംഷികളുടെ ചോദ്യത്തിനും പ്രാർത്ഥനകൾക്കും ഉള്ള മറുപടി ആയതിനെ കണക്കാക്കുക ,പ്രാർത്ഥനകൾ ഉണ്ടാകണം.'

വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന ലക്ഷ്മി ഇന്നലെയാണു ഭർത്താവ് ബാലഭാസ്കറിന്റെയും മകൾ തേജസ്വിനിയുടെയും മരണവാർത്ത അറി‍ഞ്ഞത്. ആരോഗ്യനില ബേധപ്പെട്ടതിനെ തുടർന്നു ലക്ഷ്മിയെ വെന്റിലേറ്ററില്‍ നിന്നും ഐസിയുവിലേക്ക് ഇന്നലെ മാറ്റി. ലക്ഷ്മിക്ക് ഇപ്പോൾ സ്വയം ശ്വസോഛ്വാസം നടത്താൻ കഴിയും. ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകുന്നതായും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. ഒരാഴ്ചയ്ക്കകം റൂമിലേക്കു മാറ്റാൻ സാധിക്കുമെന്നാണു പ്രതീക്ഷ.