ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി സംസാരിക്കാൻ തുടങ്ങി; മുറിവുണങ്ങാൻ സമയമെടുക്കും

വാഹനാപകടത്തിൽ അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി സംസാരിക്കാൻ തുടങ്ങിയതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.അപകടത്തിൽ ബാലഭാസ്കറിനൊപ്പം ലക്ഷ്മിക്കും പരുക്കേറ്റിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഐസിയുവിൽ നിന്നും ലക്ഷ്മിയെ റൂമിലേക്കു മാറ്റി. ലക്ഷ്മിയുടെ പരുക്കുകൾ ഭേദമാകാനും മുറിവുകൾ ഉണങ്ങാനും സമയമെടുക്കുമെന്നാണ് ആശുപത്രിവൃത്തങ്ങൾ നൽകുന്ന വിവരം. ലക്ഷ്മി പൂർണമായും ആരോഗ്യനില വീണ്ടെടുത്തു വരികയാണെന്നും അവർ അറിയിച്ചു. 

ലക്ഷ്മിയെ കാണാൻ നിരവധി പേർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ എത്തുന്നുണ്ട്. എന്നാൽ, സന്ദർശനം ചിക്ത്സയ്ക്കു ബുദ്ധമുട്ടുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ആരെയും കാണാൻ അനുവദിക്കില്ല. ലക്ഷ്മിക്ക് ആരെയെങ്കിലും കാണുകയോ സംസാരിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടാൽ അനുവദിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യനില പൂർണമായും വീണ്ടെടുക്കുന്ന സാഹചര്യത്തിൽ ലക്ഷ്മിയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യും.

ചികിത്സയിൽ കഴിയുന്ന ലക്ഷ്മിയുടെ ആരോഗ്യനില അന്വേഷിച്ചു നിരവധി ഫോൺകോളുകൾ ഇപ്പോഴും ആശുപത്രിയിൽ എത്തുന്നുണ്ട്. കഴിഞ്ഞ മാസം അവസാനത്തിലായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബാലഭാസ്കറിന്റെ  മകൾ തേജസ്വിനി ബാല തത്ക്ഷണം മരിച്ചു. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ബാലഭാസ്കർ ഒക്ടോബർ രണ്ടിനാണു മരണത്തിനു കീഴടങ്ങിയത്. പരുക്കേറ്റ ലക്ഷ്മി ആശുപത്രിയിൽ ചികിത്സ തുടരുകയാണ്. മകളും ഭർത്താവും മരിച്ച വിവരം പിന്നീടാണ് ലക്ഷ്മിയെ അറിയിച്ചത്. യാഥാർഥ്യങ്ങളോട് ഇപ്പോൾ പൊരുത്തപ്പെട്ടു വരികയാണു ലക്ഷ്മി.