എസ്.പി.ബിയുടെ പാട്ടിന് കാലിക്കുപ്പിയിൽ താളമിട്ട് ശിവമണി; വൈറൽ വിഡിയോ

ഇന്ത്യന്‍ സിനിമ സംഗീതത്തിന്റെ അവിഭാജ്യ ഘടകമാണ് ഡ്രം വിസ്മയം ശിവമണി. വീട്ടിലെ അടുക്കളയില്‍ സ്പൂണിലും, പ്ലേറ്റിലും താളമിട്ടു സംഗീത ലോകത്തേക്കു കൊട്ടിക്കയറിയ ശിവമണി, ഇന്ന് കാണുന്ന ഡ്രം മാന്ത്രികനായതിനു പിന്നില്‍ ഒട്ടേറെ കഷ്ടപ്പാടുകളുടെയും, പരിശ്രമത്തിന്റെയും കഥയുണ്ട്. ഇന്ന് പ്രശസ്തിയുടെ കൊടുമുടിയിൽ എത്തി നില്‍ക്കുമ്പോഴും, ലാളിത്യത്തിന്റെ മകുടോദാഹരണമാണ് താനെന്ന് ഒന്നുകൂടി ഉറപ്പിക്കുകയാണ് ശിവമണി ഈ പ്രകടനത്തിലുടെ.

സംഗീത ലോകത്ത് തന്റെ ഗോഡ്ഫാദറെന്ന് ശിവമണി എക്കാലവും വിശേഷിപ്പിക്കാറുള്ള എസ്.പി.ബാലസുബ്രഹ്മണ്യത്തോടൊപ്പം ഹൈദരാബാദില്‍  ഇന്‍ഡിവുഡ് മ്യൂസിക് എക്‌സലന്‍സ് പുരസ്‌കാര ചടങ്ങിലായിരുന്നു ശിവമണിയുടെ  പ്രകടനം. ലൈഫ് ടൈം അചീവ്‌മെന്റ് പുരസ്‌കാരം ഏറ്റുവാങ്ങിയ ഗായകന്‍ എസ്.പി.ബി ആരാധകരുടെ ആവശ്യപ്രകാരം ഗാനം ആലപിക്കുന്നതിനിടെ സദസിലുണ്ടായിരുന്ന ശിവമണി കയ്യില്‍ കിട്ടിയ കാലിക്കുപ്പിയുമായി സ്റ്റേജിലേക്ക് ഓടിയെത്തുകയായിരുന്നു. പിന്നീട് എസ്.പിയോടൊപ്പം വേദിയില്‍ തകര്‍പ്പന്‍ പ്രകടനം.

എസ്.പി ബിയ്‌ക്കൊപ്പം നിരവധി വേദികളില്‍  താള വിസ്മയമൊരുക്കിയിട്ടുണ്ടെങ്കിലും ശിവമണിയുടെ ഇത്തരം ഒരു പ്രകടനം ആദ്യാമായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.  തമിഴകത്തുള്‍പ്പടെ നവമാധ്യമങ്ങളിലും വൈറലായിരിക്കുകയാണു വിഡിയോ

4-ാമത് ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിനോടനുബന്ധിച്ചു നടന്ന മ്യൂസിക് എക്‌സലന്‍സ് അവാര്‍ഡ് നിശയില്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിനും, ശിവമണിക്കും, പുറമേ, സ്റ്റീഫന്‍ ദേവസ്സി, കൈലാസ് മേനോന്‍, സൂരജ് സന്തോഷ് എന്നിവരും പുരസ്കാരങ്ങൾ സ്വീകരിച്ചു.