അഡ്നാൻ സമിക്ക് ഇന്ത്യൻ പൗരത്വം നൽകാൻ തീരുമാനം

പ്രശസ്ത പാക്കിസ്ഥാൻ ഗായകൻ അഡ്നാൻ സമിക്ക് ഇന്ത്യൻ പൗരത്വം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ 15 വർഷമായി ഇന്ത്യയിൽ കഴിയുന്ന അഡ്നാൻ സമി പൗരത്വത്തിനായി നിരവധി തവണ അപേക്ഷ നൽകിയിരുന്നു. ആഗസ്റ്റ് മുതൽ പാസ്പോർട്ട് പുതുക്കാതെ അനിശ്ചിതകാലത്തേക്ക് അഡ്നാൻ സമിക്ക് ഇന്ത്യയിൽ കഴിയാനുള്ള അനുമതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നടപടിയെന്നാണ് റിപ്പോർട്ടുകൾ.

രണ്ടു വര്‍ഷം മുമ്പാണ് അദ്ദേഹം പൗരത്വത്തിനായി ആദ്യ അപേക്ഷ നല്‍കിയത്. ഇതു തള്ളുകയായിരുന്നു. സമിയുടെ അപേക്ഷ ലഭിച്ചതിനെ തുടര്‍ന്ന് പൗരത്വം നല്‍കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമ മന്ത്രാലയത്തിന്റെ അഭിപ്രായം ആരാഞ്ഞിരുന്നു. എന്നാല്‍ പൗരത്വ നിയമനുസരിച്ച് ആഭ്യന്തര മന്ത്രാലയമാണ് ഇന്ത്യന്‍ പൗരത്വം നല്‍കേണ്ടത്. ഇന്ത്യയിൽ കഴിയാനാണ് താൽപര്യമെന്ന് അറിയിച്ച സമി തന്റെ അർധ വീടാണ് ഇന്ത്യയെന്നും പറഞ്ഞിരുന്നു.

പാക്കിസ്ഥാന്‍ പൗരനായ സാമി 2001 മാർച്ച് 13നാണ് ഇന്ത്യയില്‍ എത്തിയത്. ഒരു വർഷത്തേക്കുള്ള സന്ദർശന വിസയിലാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. പിന്നീട് വിസാ കാലാവധി നീട്ടി നൽകുകയായിരുന്നു. തുടര്‍ന്ന് 2001നും 2013നും ഇടയ്ക്ക് സാമി യുകെ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ആദ്യം പൗരത്വം നല്‍കണമെന്ന് അഭ്യർഥിച്ച് മുംബൈ പൊലീസിന്റെ സ്‌പെഷ്യല്‍ ബ്രാഞ്ചിലാണ് അഡ്‌നാന്‍ സമി അപേക്ഷ സമര്‍പ്പിച്ചത്.

അഡ്നാൻ സമിയും ഇന്ത്യൻ സംഗീതവും

1963 ആഗസറ്റ് 15 ന് ലണ്ടനിലാണ് അഡ്നാൻ ജനിച്ചത്. പാകിസ്ഥാനിയായ പിതാവിന്റെ ഇന്ത്യാക്കാരിയായ മാതാവിന്റെയും സാന്നിധ്യം അഡ്നാന്റെ ജീവിതത്തിൽ പാട്ടിന് ജാതിമതഭാഷകൾക്കതീതമായൊരു നിർവചനം നൽകിയിട്ടുണ്ട്. അഞ്ചാം വയസുമുതൽ അഡ്നാൻ പിയാനോ വായിക്കാൻ തുടങ്ങി. ലണ്ടൻ ജീവിതത്തിനിടയിൽ സ്കൂൾ അവധിക്കാലത്ത് ഇന്ത്യയിലേക്ക് നടത്തിയ യാത്രകൾക്കിടയിലാണ് സംഗീതപഠനത്തിന് അഡ്നാൻ സമയം കണ്ടെത്തിയത്. സന്തൂർ വാദകൻ പണ്ഡിറ്റ് ശിവ്കുമാർ ശർമയായിരുന്നു അഡ്നാന്റെ ഗുരു.ആർ ഡി ബർമന്റെ സംഗീതനിശയിൽ ഗാനമാലപിച്ച അഡ്നാൻ എന്ന പത്തുവയസുകാരനെ പ്രോത്സാഹിപ്പിച്ചത് ആശാഭോസ്്ലെയാണ്.

ഉസ്താദ് ബഡെ ഗുലാം അലിഖാന്റെ പാട്ടുകളാണ് അഡ്നാനെ ഏറ്റവുമധികം സ്വാധീനിച്ചത്. അന്നൊക്കെ പാട്ടിനെക്കാൾ കൂടുതൽ അഡ്നാൻ ശ്രദ്ധ കൊടുത്തിരുന്നത് കീ ബോർഡിനാണ്. എങ്കിലും പോപ് റോക്കും ജാസും അഭ്യസിച്ചിരുന്നു. 1994 ചാന്ദ്നി ബാർ കർ എന്ന ആൽബമാണ് അഡ്നാന്റെതായി ആദ്യം പുറത്തിറങ്ങിയത്. പിന്നീട് സർഗം എന്ന പാകിസ്ഥാനി ചിത്രത്തിനു വേണ്ടി അഡ്നാൻ സംഗീത സംവിധാനം നിർവഹിച്ചു. ആശാഭോസ്ലെയാണ് ഇതിലെ ഗാനങ്ങൾ ആലപിച്ചത്. ആശയുടെ പ്രണയഗാനങ്ങളുടെ സമാഹാരമായ കഭി തൊ നസർ മിലാവോ എന്ന ആൽബത്തിനു സംഗീതമൊരുക്കിയതും അഡ്നാനായിരുന്നു. ഇൻഡി പോപ് ലോകത്ത് വൻഹിറ്റായിരുന്നു ഈ ആൽബം. ഇന്ത്യയിൽ മാത്രം ‘ മില്യണിലധികം കോപ്പികൾ വിറ്റഴിഞ്ഞു. ഓൾവെയ്സ് യുവേഴ്സ് എന്ന പേരിൽ ഈ ആൽബത്തിന്റെ റിമിക്സ് ഇറക്കാൻ അദ്നാനെ പ്രേരിപ്പിച്ചതും പ്രതിക്ഷയ്ക്കപ്പുറമുള്ള ഈ വിജയമായിരുന്നു.

2001 ൽ റിലീസ് ചെയ്ത അജ്നബിയിലെ തൂ സിർഫ് മോരാ മെഹ്ബൂബ്... എന്നു തുടങ്ങുന്ന ഗാനമാലപിച്ചുകൊണ്ടാണ്് സംഗീതസംവിധാന രംഗത്തുനിന്നു പ്രൊഫഷനൽ ഗായകൻ എന്ന നിലയിലേക്ക് അഡ്നാൻ കടന്നത്. 2001 ലെ ഏറ്റവും മികച്ച ഗാനങ്ങളിൽ അഡ്നാന്റെ ഗാനവും എടുത്തു പറയപ്പെട്ടു. ചലചിത്ര ഗാനങ്ങളേക്കാറെ അഡ്നാനെ ജനഹൃദയങ്ങളിലെത്തിച്ചത് ആൽബങ്ങളായിരുന്നുവെന്നു പറയാം. സിനിമാലോകത്തെ മുൻനിരനായികമാർക്കൊപ്പം അഡ്നാൻ നായകനായി ഇറങ്ങിയ ആൽബങ്ങൾ ഇൻഡിപോപ് ലോകത്തിന്് പ്രണയത്തിന്റെ വശ്യഭാവങ്ങളും വിരഹവും ഇണങ്ങുമെന്നു തെളിയിച്ചു. നമ്രത ശിരോദ്കറിനൊപ്പം ഭീഗി ഭീഗി രാത് ഈ നിരയിൽ ആദ്യത്തേതായി. മഹിമ ചൗദരി, റാണി മുഖർജി, രവീണ ഠണ്ടൻ എന്നിവർക്കൊപ്പം തേരാ ചെഹ്ര, അമീഷ പട്ടേലിനൊപ്പം ഓ മേരി ജാൻട‘ ഭൂമിക ചാവ്ലയ്ക്കൊപ്പം മാഹിയ, ദിയ മിർസയുമായി പൽ ദോ പൽ തുടങ്ങി ആൽബങ്ങളെല്ലാം ബെസ്റ്റ് സെല്ലേഴ്സിൽ സ്ഥാനം പിടിച്ചു.

ഹിന്ദിയിൽ മാത്രമല്ല, ആയുധ എഴുത്ത്, സത്തം പോടാതെ, ബോയ്സ് തുടങ്ങി നിരവധി തമിഴ് സിനിമകളിലും അഡ്നാൻ ആലപിച്ച ഗാനങ്ങൾ സൂപ്പർ ഹിറ്റുകളായി. അഡ്നാൻ സാമിയുടെ സ്വരത്തിന് മലയാളഗാനമിണങ്ങുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായിരുന്നു. ജയരാജിന്റെ മകൾക്ക് എന്ന ചിത്രത്തിലെ ചാഞ്ചാടിയാടിയുറങ്ങ് നീ...എന്ന ഗാനം. ഈ ഗാനം പാടാൻ ശ്രമിക്കുന്ന പ്രഗത്ഭരായ പാട്ടുകാർ പോലും അഡ്നാൻ സാമിയെ അനുകരിക്കാൻ വെറുതെയെങ്കിലും ഒരു ശ്രമം നടത്തുന്നതും അഡ്നാന്റെ പാട്ടു ശൈലിയ്ക്ക് ലഭിക്കുന്ന മികച്ച അംഗീകാരമാണ്.

ഇന്ത്യയിൽ ഏറ്റവും പ്രശസ്തനും ഏറ്റവും പ്രിയപ്പെട്ടവനുമായ വ്യക്തിയായി പാകിസ്ഥാൻ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാൻ അഡ്നാന് കഴിയുന്നതിന്റെ കാരണവും ഇന്ത്യയിലെ ജനങ്ങൾക്ക് അദ്ദേഹത്തിന്റെ പാട്ടുകളോടുള്ള പ്രണയം തന്നെ.