വിഎസിന് ബിജിബാലിന്റെ സ്നേഹ സമ്മാനം

അടുത്ത ദിവസങ്ങളിൽ ഫേസ്ബുക്കിലൂടെ 'വരകൾക്ക് മീതെയെഴുതിക്കൊണ്ട്' കുറേ ചിന്തകൾ പങ്കിട്ട,ഓർമകളെ കുറിച്ച് ഒന്നുകൂടി ഓർമിപ്പിച്ച ഒരു ചങ്ങാതി പറഞ്ഞ കാര്യമുണ്ട്. സഖാവ് എന്ന വിളിക്കപ്പുറം സുഖമുള്ള മറ്റൊന്നില്ലെന്ന്. ചങ്ങാതിയെന്നർഥമമുള്ള വാക്ക് നെഞ്ചിനുള്ളിലങ്ങനെ കയറിക്കൂടിയത് ചെങ്കോടിയേന്തിയ വിപ്ലവത്തിനൊപ്പമാണ്. കുറേ പാട്ടുകളും അതിനോടൊപ്പമെത്തി. കാലം എത്ര കടന്നുപോയിട്ടും കേൾക്കുമ്പോൾ ചോരതിളയ്ക്കുന്ന ഉള്ളിലെ കനലില്‍ വീണ്ടും വീണ്ടും നീറ്റലുണ്ടാക്കുന്ന ഗാനങ്ങള്‍.

കയ്യൂരുള്ളൊരു സമര സഖാവിന് വിയ്യൂരെന്നൊരു ഭയമില്ല....

വയലാറുള്ളൊരു വിപ്ലവ മൊട്ടിന് വയ്യാവേലികൾ അറിയില്ല...

എന്ന പാട്ടും ആ നൂറു ചുവപ്പൻ പാട്ടുകളിലൊന്നാണ്. ആ പാട്ടിനു മേൽ പിന്നീടും ഈണംകൊണ്ട് പലരുമെഴുതിയി‌ട്ടുണ്ട്. പല വേദികളിൽ പല രീതികളിൽ പല താളങ്ങളിൽ സ്വരങ്ങളിൽ പലരും പാടിയിട്ടുണ്ട്. അപ്പോഴെല്ലാം നമ്മൾ ത്രസിച്ചിരുന്നിട്ടുമുണ്ട്. ഇവിടെ ബിജിബാലും ചെയ്തതാണ്. സഖാവ് വിഎസ് അച്യുതാന്ദന് സ്നേഹാദരമർപ്പിച്ച ബിജിബാൽ തയ്യാറാക്കിയ വിഡിയോ വരണ്ട മണ്ണിലേക്ക് വിരുന്നെത്തിയ പെരുമഴക്കാലം പോലെ പെയ്തിറങ്ങുകയാണ്...ആ മഴനിഴലുകൾക്കുള്ളിൽ ഒരു ചെങ്കൊടിയിങ്ങനെ മുന്നോട്ടാഞ്ഞ് പാറിവരികയാണ്. വിപ്ലവ നായകന്റെ മുഷ്ടികൾ ഒരായിരം ധ്വനികളോടെ ആകാശത്തേക്കുയരുകയാണ്. വയലാർ ശരത് ചന്ദ്ര വർമയാണ് വരികളെഴുതിയത്.


ചുവപ്പിലും കറുപ്പിലും ഇഴചേർന്ന ഫ്രെയിമുകളിലൂടെ ബിജിത് ബാലയാണ് ഈ പാട്ടിന് ദൃശ്യങ്ങളൊരുക്കിയത്. രൂപയുടെ വയലിൻ വായനയിലൂടെ സംഗീത സാന്ദ്രമായ വിപ്ലവത്തുടക്കം. പിന്നീട് ഒരായിരം ചുണ്ടുകൾ ഏറ്റുപാടിയ പാട്ടിന് പതിഞ്ഞതും ആഴമുള്ളതുമായ ആലാപനത്തുടക്കം. ബിജിബാലിനൊപ്പം രൂപ, സംഗീത ശ്രീകാന്ത്, സൗമ്യ രാമകൃഷ്ണൻ, ശാന്തി ബിജിബാൽ‌ എന്നിവരാണ് ആലപിച്ചിരിക്കുന്നത്.