Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പതിനൊന്നുകാരനെ മ്യൂസിക് ക്ലബിലേക്ക് സ്വാഗതം ചെയ്ത് എ ആർ റഹ്മാൻ

raghav-mehrothra രാഘവ് മെഹ്രോത്ര ചിത്രത്തിനു കടപ്പാട്: ഫേസ്ബുക്ക്

എ ആർ റഹ്മാനൊപ്പം ഒരു പാട്ടുപാടാൻ അദ്ദേഹത്തിന്റെ ലൈവ് പരിപാടികളിൽ തന്റെ വാദ്യോപകരണം വായിക്കാൻ ആഗ്രഹിക്കാത്ത സംഗീത പ്രതിഭകളുണ്ടാകുമോ? ഒരുപാടു പേർ ആ സ്വപ്നം കാണുന്നുണ്ട്. എന്നാൽ രാഘവ് മെഹ്രോത്രയ്ക്ക് പതിനൊന്നാം വയസിൽ ആ സ്വപ്നം യാഥാർഥ്യമായി. ന്യൂജഴ്സിയിൽ താമസിക്കുന്ന രാഘവിനെ തന്റെ മ്യൂസിക് ക്ലബിലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് എ ആർ റഹ്മാന്‍. കുഞ്ഞുപ്രതിഭയ്ക്ക് മ്യൂസിക് ക്ലബിലേക്ക് സ്വാഗതം എന്നു പറഞ്ഞുകൊണ്ട് റഹ്മാന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലായിരിക്കുകയാണ്.

മൂന്നാം വയസിൽ തുടങ്ങിയതാണ് രാഘവിന് ഡ്രമ്മിനോടുള്ള ഇഷ്ടം. കണ്ണിൽ കാണുന്നതിലെന്തും അവൻ താളം പിടിക്കുന്നതു കണ്ടപ്പോഴേ അച്ഛൻ ഗൗരവിനും അമ്മ പൂജയ്ക്കും കുഞ്ഞു മകന്റെ സംഗീതാഭിരുചി മനസിലായി. പിന്നെ വൈകിയില്ല. കുഞ്ഞു വിരലുകൾക്ക് താളമിടാനൊരു ഡ്രം വാങ്ങി നൽകി. പ്രതീക്ഷകൾ തെറ്റിയില്ലെന്ന് അവൻ അച്ഛനും അമ്മയ്ക്കും തന്റെ പ്രതിഭ കാണിച്ചുകൊടുത്തു. സ്കൂളിൽ പോയതോടെ അവിടെയും താരമായി. ഡ്രം കൂടാതെ തബലയിലും മിടുക്കനാണ് രാഘവ്.

പ്രിൻസ്റ്റണിലെ സ്കൂള്‍ ഓഫ് റോക്സിലെ മിടുക്കനായ വിദ്യാർഥിയെ കുറിച്ച് അധ്യാപകനായ ഡാന്റെ സിമിനോയ്ക്കും കൗതുകത്തോടെയേ സംസാരിക്കാനാകുന്നുള്ളൂ. ഇത്രയും പ്രതിഭയുള്ളൊരു കുട്ടിയെ ഞാനിതിനു മുൻപ് കണ്ടിട്ടില്ല. കൗമാരമെത്തും മുൻപേ അവൻ എന്നേക്കാൾ നല്ലൊരു ഡ്രമ്മറായി സിമിനോ പറഞ്ഞു. സ്കൂൾ ഓഫ് റോക്കിൽ ലോകപര്യടനം നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർഥി കൂടിയാണ് രാഘവ്. പത്താം വയസിലായിരുന്നു ഇത്. പന്ത്രണ്ട് വയസിനു മുകളിലുള്ള കുട്ടികളെയാണ് സാധാരണ കൊണ്ടുപൊകാറുളളത്. എന്നാൽ രാഘവിന്റെ പ്രതിഭയ്ക്ക് മുന്നിൽ ആ നിയമം വഴിമാറി.