പട്ടിണിക്ക് തകർക്കാനാകില്ല ഈ കുഞ്ഞിന്റെ ക്രിയാത്മകതയെ

പട്ടിണിയ്ക്ക് തകർത്തു കളയാനാകില്ല ഈ കുഞ്ഞിന്റെ ക്രിയാത്മകതയെ എന്നാണ് സംഗീത മാന്ത്രികൻ ഏ ആർ റഹ്മാൻ ഒരു വിഡിയോയ്ക്കു നൽകിയ അടിക്കുറിപ്പ്. അതു ശരിയാണെന്ന് ഈ സംഗീതോപകരണവും അതിൽ നിന്നു വരുന്ന പാട്ടും അതിൽ ലയിച്ചു നിൽക്കുന്ന കുഞ്ഞിന്റെ ഭാവവും കാണുമ്പോൾ നമ്മൾ സമ്മതിക്കും. ട്വിറ്ററിൽ റഹ്മാൻ പോസ്റ്റ് ചെയ്ത വിഡിയോ പകരുന്ന ഊർജ്ജം അപാരമാണ്.

പഴയ പാത്രങ്ങൾ ചേർത്തു വച്ചൊരു ഡ്രംസ് തയ്യാറാക്കി കൊട്ടിപ്പാടുന്ന ഒരു കുട്ടിയുെട വിഡിയോയാണിത്. അതിൽ അവൻ തീർക്കുന്ന സംഗീതവും അവന്റെ കുട്ടിച്ചിന്തയിൽ തീർത്ത ഉപകരണവും ലോകത്തിന്റെ ശ്രദ്ധ നേടുകയാണ്. താളമിടറാതെ അതില്‍ ലയിച്ചിരുന്ന് വായിക്കുകയാണിവൻ. ആരാണീ മിടുക്കൻ  എന്നൊന്നും വ്യക്തമല്ല. പക്ഷേ ഈ സംഗീതം കേട്ടാൽ അവനെ തേടിപ്പോകുവാൻ തോന്നും ആർക്കും.

സംഗീതത്തിന്റെ പ്രതിധ്വനികൾക്ക് ഏതു കണ്ണീരിനേയും മായ്ച്ചു കളയുവാനുള്ള ശക്തിയുണ്ടെന്നാണല്ലോ പറയാറ്.  ഈണങ്ങൾ ഹരംപിടിച്ചു പോയാൽ പിന്നെ ദേഹം പോലും മറന്ന് അതു തേടി നമ്മൾ യാത്ര ചെയ്യും. അതൊക്കെ ശരിയാണെന്ന് പറയുകയാണ് ഈ വിഡിയോ. കണ്ണുനനഞ്ഞേ ഈ ഈണത്തെ കേൾക്കുവാനാകൂ.