ഭീകരാക്രമണത്തിന്റെ ഓർമകൾക്ക് മുന്നിൽ റഹ്‌മാന്റെ ഗീതം

ഹം കോ മൻ കി ശക്തി ദേനാ....മുംബൈ ഭീകരാക്രമണത്തിന്റെ ഇരകളായി നമ്മുടെ മനസാക്ഷിക്ക് മുന്നിൽ കൂടി കടന്നുപോയവർക്കായി ഒരു പ്രാർഥനാ ഗീതം. രാജ്യമർപ്പിച്ച പുഷ്പങ്ങൾക്കിടയിലേക്ക് അവർക്കായി റഹ്മാൻ പാടിയ ഗാനം. ഗുൽസാർ എഴുതി വസന്ത് ദേശായ് ഈണമിട്ട് വാണി ജയറാം പാടിയ ഗുഡ്ഡി എന്ന ചിത്രത്തിലെ ഗാനമാണ് റഹ്മാന്റെ സ്വന്തം ശൈലിയിൽ പാടിയത്. ഡെഡിക്കേറ്റഡ് റ്റു വിക്റ്റിംസ് ഓഫ് ഹേറ്റ് എന്നാണ് റഹ്മാൻ എഴുതിയിട്ടത്

രാജ്യത്തിന്റെ മനസാക്ഷി ചോദ്യംചെയ്യപ്പെട്ട പരീക്ഷിക്കപ്പെട്ട പരാജയപ്പെട്ട ഒരു ദിനമായിരുന്നു 2008ലെ നവംബർ ഇരുപത്തിയാറ്. വിദ്വേഷത്തിന്റെ ഇരകളാക്കപ്പെട്ട എല്ലാവർക്കും ഞാനീ ഗാനം സമർ‌പ്പിക്കുന്നു. അവർക്കായുള്ള എന്റെ പ്രാര്‍ഥനയിൽ നിങ്ങളും പങ്കുചേരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. റഹ്മാൻ പറഞ്ഞു. റഹ്മാൻ സംഗീതത്തിൽ നിന്ന് പുറത്തുവരുന്ന ചെറിയ ഈണങ്ങൾ പോലും നമുക്ക് വിശേഷപ്പെട്ടതു തന്നെ. കേട്ടാലും കേട്ടാലും മതിവരാത്തവ. സ്വന്തം ശബ്ദത്തിൽ റഹ്മാൻ ഈ ഗാനം പാടിയപ്പോൾ നല്ലൊരു പ്രാർഥനാ ഗീതമാണ് കേഴ്‌വിക്കാരന്റെ മനസിലേക്ക് പതിഞ്ഞത്. സമാധാനത്തിന്റെ സന്തോഷം പകർന്നു തരുന്ന ശാന്തിയെന്തെന്ന് അനുഭവിക്കുവാൻ കഴിയുന്ന പാട്ട്...അവസാന വരിയും റഹ്മാൻ പാടിക്കഴിയുമ്പോൾ ഭീകരവാദത്തിന്റെ ഇരകളായി മുംബൈയിൽ പിടഞ്ഞുവീണ ഓരോ ജീവനും നമ്മുടെ ഓർമകളിലേക്ക് ഒരു കണ്ണുനീർ തുള്ളിയായി കടന്നുവരും.

നവംബർ ഇരുപത്തിയാറെന്ന ദിവസത്തെ നെഞ്ചിടിപ്പോടെയല്ലാതെ ഇന്നും നമുക്ക് കടന്നുപോകാനാകില്ല. മുംബൈയിലേക്ക് രാജ്യത്തിന്റെ മനസാക്ഷി കണ്ണീരോടെ നോക്കി നിന്ന 2008 വർഷത്തിലെ ദിനം. തീവ്രവാദത്തിന്റെ ഭീകരമുഖത്തെ ഒരുപക്ഷേ അന്നാദ്യമായിട്ടാകാം രാജ്യമൊട്ടുക്കുള്ള ജനങ്ങൾ ഒരുപോലെ അനുഭവിച്ചത്. അന്നവിടെ മരിച്ചു വീണത് 168 പേരാണ് ഒപ്പം രാജ്യത്തെ ഏറ്റവും മികച്ച സുരക്ഷാ ഉദ്യോഗസ്ഥരും. ഇന്നലെയായിരുന്നു ആ ദിനം.