ഹരംകൊളളിച്ച് റഹ്‍മാൻ മാജിക് വീണ്ടും

അച്ചം എൻപത് മടമൈയെടായെന്ന ഗൗതം മേനോൻ ചിത്രത്തിൻറെ ആദ്യ ട്രെയിലർ പുറത്തുവന്നപ്പോഴേ ഉറപ്പായിരുന്നു റഹ്മാനിൽ നിന്ന് കേൾക്കാൻ കൊതിക്കുന്ന ഈണങ്ങളുടെ മടങ്ങിവരവാണതെന്ന്. ട്രെയിലറിലെ തള്ളി പോഗാതെ എന്ന പാട്ട് യുട്യൂബിനുള്ളിൽ തരംഗം തീർത്ത് കാതുകളിൽ നിന്ന് കാതുകളിലേക്ക് പാഞ്ഞുപോയി. ചിത്രത്തിലെ എല്ലാ ഗാനങ്ങളും പുറത്തുവന്നപ്പോൾ ഒന്നു കേട്ടുകഴിഞ്ഞിട്ട് നമ്മൾ പറഞ്ഞു, കേൾക്കാൻ‌ കൊതിച്ച ഗാനങ്ങൾ തന്നെയാണിതെന്ന്. 

പ്രത്യേകിച്ച്, അവളും നാനും എന്ന ഗാനം ഒരുപാടിഷ്ടപ്പെട്ടു ശ്രോതാക്കൾക്ക്. ഓർക്കസ്ട്രയിൽ കാണിക്കുന്ന മാജിക് പോലെ , പാടുന്നയാളിന്റെ സ്വരത്തിന്റെ ഭാഭഭേദങ്ങളെ അതിവിദഗ്ധമായി ഉപയോഗിക്കുന്ന റഹ്മാന്‍ ശൈലിയാണ് ഈ പാട്ടിനിത്രയും ഭംഗിയേകിയത്. ഈ ഗാനം കേൾക്കുമ്പോൾ ഒരു വേള നമ്മൾ ചിന്തിച്ചു പോകും, ഇത് യേശുദാസാണോ പാടിയതെന്ന്. അത്രയേറെ മനോഹരമായാണ് അദ്ദേഹത്തിന്റെ മകൻ വിജയ് യേശുദാസ് ഈ പാട്ട് ആലപിച്ചിരിക്കുന്നത്. റഹ്മാന്റെ ആദ്യകാല സംഗീതത്തോ‌ടുള്ള സാദൃശ്യം നമ്മെ ഓർമകളിലേക്ക് കൊണ്ടുപോകും. പവനേന്ദർ ഭാരതിദാസനാണ്  വരികൾ കുറിച്ചത്. രജനീകാന്ത് ചിത്രം കബാലിയ്ക്ക് ഈണമിട്ട സന്തോഷ് നാരായണൻ തന്റെ ഫേസ്ബുക്കിൽ ഈ ഗാനം പങ്കുവച്ച് അഭിനന്ദനവുമറിയിച്ചു. ജനഹൃദയങ്ങളിലേക്ക് റഹ്മാൻ ഈണത്തിൽ വിജയ് പാടിയ പാട്ട് അലിഞ്ഞു ചേർന്നുപോയി. 

മഥൻ കർക്കിയുടെ പാട്ടെഴുത്തും ആദ്യത്യ റാവും ജോനിതാ ഗാന്ധിയും ചേർന്നുള്ള ആലാപനവും. ഇത് നാൾ എന്ന പാട്ട് വ്യത്യസ്തമായ റഹ്മാൻ ഗീതമൊന്നുമല്ലെങ്കിലും പാടുന്നവരുടെ സ്വരവും ജിംഗിളുകളിലുപയോഗിക്കുന്ന ഈണവും ചേരുമ്പോൾ കേൾവി സുഖമുണ്ട്. ആദിത്യ റാവുവിന്റെ ആലാപനത്തിനിടയിലേക്ക്, ജോനിതയുടെ സ്വരം ഇഴുകി ചേരുമ്പോൾ കേട്ടിരിക്കുന്നവരുടെ മനസും നിറയും. 

റാപിന്റെ മാസ്മരികതയുള്ള ഷൗകാലി എന്ന പാട്ട് കൂട്ടത്തിലെ തകർപ്പൻ പാട്ടാണ്. ഗിത്താറിന്റെ ഈണം കുസൃതി നിറയ്ക്കുന്ന പാട്ട് ഡിജെ പാർട്ടികളിഷ്ടപ്പെടുന്നവർക്കും റഹ്മാൻ പാട്ടുകൾ ചെയ്ത് മാഷ് അപ് ചെയ്ത് രസിക്കുന്നവർക്കുമൊരു നല്ല ചങ്ങാതിയാകും. 

രാസാലി, തള്ളി പോഗാതെ എന്നീ ഗാനങ്ങൾ ഇതിനോടകം നെഞ്ചിനുള്ളിൽ കൂടൊരുക്കിക്കഴിഞ്ഞവയാണ്. താമരയാണ് ഈ രണ്ട് പാട്ടുകളുമെഴുതിയത്. കർണാടിക് സംഗീതത്തിന്റെ വഴികളിലൂടെ സഞ്ചരിച്ചെത്തുന്ന പാട്ട് റഹ്മാന്റെ മികച്ച പാട്ടുകളിലൊന്നാണെന്നതിൽ തര്‍ക്കമില്ല. സാഷാ തിരുപ്പതിയും സത്യപ്രകാശും കേൾവിക്കാരന്റെ ശ്രദ്ധയെ കീഴ്പ്പെടുത്തി മനോഹരമായി ആലപിച്ചിട്ടുമുണ്ട്. 

തള്ളി പോഗാതെ എന്ന ഗാനത്തിന്റെ വരികൾ ഒരു കവിത പോലെയാണെങ്കിലും അതിന് പകർന്ന ഈണം ചടുലമായതായിരുന്നു. സിദ് ശ്രീറാമിന്റെ ആലാപന ശൈലിയും കൂടിയായ പുത്തനൊരു പാട്ടനുഭവമാണത് പകർന്നത്.

വിണ്ണൈതാണ്ടി വരുവായ്ക്ക് ശേഷം റഹ്മാനും ഗൗതം മേനോനും ഒന്നിച്ച ചിത്രത്തിലെ പാട്ടുകളോരോന്നും പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്നു. വ്യത്യസ്തമായ സംഗീതാസ്വാദകരെ കണക്കിലെടുത്തു തന്നെയാണ് ഓരോ പാട്ടും തീർത്തത്. ഓരോ പാട്ടുകളും ഓരോ തലത്തിലാണ് നിൽക്കുന്നത്. കേൾക്കാൻ കാത്തിരുന്ന റഹ്മാൻ ഈണങ്ങൾ തന്നെയാണിവ.