അഡേലിന്റെ ‘21‘ യുകെയിലെ ഏറ്റവും വിൽപ്പനയുള്ള ആൽബം

ബ്രിട്ടീഷ് ഗായിക അഡേലിന്റെ ആൽബം ‘21‘ യു കെയിൽ ഏറ്റവും അധികം വിൽപ്പനയുള്ള ആൽബം. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഏറ്റവും അധികം വിൽക്കുന്ന ആൽബം എന്ന ഖ്യാതിയാണ് ‘21‘ ഇപ്പോൾ നേടിയിരിക്കുന്നത്. 2011 ൽ പുറത്തിറങ്ങിയ ആൽബത്തിന്റെ 47.5 ലക്ഷം കോപ്പികൾ യുകെയിൽ മാത്രവും 3 കോടി കോപ്പികൾ ലോകത്താകെമാനവും വിറ്റുപോയിട്ടുണ്ട്. മുപ്പത് രാജ്യങ്ങളുടെ ഹിറ്റ് ചാർട്ടുകളിലെ ടോപ്പ്10ൽ സ്ഥാനം പിടിച്ചതിന്റെ പേരിൽ നേരത്തെ ‘21‘ ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിരുന്നു. കൂടാതെ 2012 ലെ ഗ്രാമി ആൽബം ഓഫ് ദ ഇയർ, ബ്രിറ്റ് പുരസ്കാരം തുടങ്ങിയവയും ‘21‘ ന് ലഭിച്ചിട്ടുണ്ട്. പതിനൊന്ന് ട്രാക്കുകളുള്ള ആൽബത്തിലെ ഗാനങ്ങളെല്ലാം തന്നെ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചിരുന്നു.

ബ്രിട്ടീഷ് ഗായികയായ അഡേൽ താൻ പാടിയ പാട്ട് സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റായ മൈസ്പേസിൽ പോസ്റ്റ് ചെയ്യുന്നതോടെയാണ് പ്രശസ്തയാകുന്നത്. തുടർന്ന് എക്സ് എൽ റിക്കോർഡിങ്സുമായി കരാറിൽ ഏർപ്പെട്ട താരം 2008ൽ തന്റെ ആദ്യ ആൽബം 18 പുറത്തിറങ്ങി. ആദ്യ ആൽബത്തിലൂടെ തന്നെ മികച്ച പുതു മുഖ താരത്തിനുള്ള ഗ്രാമി പുരസ്കാരം, ബെസ്റ്റ് ഫീമെയിൽ പോപ്പ് വോക്കൽ പെർഫോമൻസിനുള്ള പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ അഡേലിന് ലഭിച്ചിട്ടുണ്ട്. 2011 ലാണ് അഡേൽ തന്റെ രണ്ടാമത്തെ ആൽബം 21 പുറത്തിറക്കുന്നത്.

2013 ൽ പുറത്തിറങ്ങിയ സ്കൈഫോൾ എന്ന ചിത്രത്തിന് വേണ്ടി അലേൽ പാടിയ ഗാനം ബോണ്ട് ചിത്രങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റായിരുന്നു. 2013 ലെ ഒറിജിനൽ മ്യൂസിക്കിനുള്ള ഓസ്കാറും സ്കൈഫോളിലെ ഗാനത്തിനായിരുന്നു. 50 വർഷത്തെ ബോണ്ട് ചിത്രങ്ങളുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു ബോണ്ട് ചിത്രത്തിലെ പാട്ടിന് ഓസ്കാർ ലഭിക്കുന്നത്. ഇതുകൂടാതെ നാല് അമേരിക്കൻ മ്യൂസിക്ക് പുരസ്കാരവും, പതിമൂന്ന് ബിൽബോർഡ് പുരസ്കാരവും, ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരവും പതിനൊന്ന് ഗ്രാമി പുരസ്കാരവും അഡേലിനെ തേടി എത്തിയിട്ടുണ്ട്.