രൺബീറിനൊപ്പം പ്രണയം പങ്കിട്ട് അതിസുന്ദരിയായി ഐശ്വര്യ

ഐശ്വര്യ റായിയും രൺബീർ കപൂറും പ്രണയാർദ്രരായി അഭിനയിക്കുന്ന ചിത്രം ഏ ദിൽ ഹെ മുശ്ഖിലിലെ വിഡിയോ ഗാനം എത്തി. കേട്ടറിവുകളെ ശരിവരിയ്ക്കുകയാണ് ഐശ്വര്യയുടെ ലുക്ക്. താരം അതിസുന്ദരി തന്നെ. ഐശ്വര്യയും രൺബീർ കപൂറും അനുഷ്കയും സ്വതസിദ്ധമായ ആഭിനയത്തിലൂടെ പാട്ടിലെ കാഴ്ചയെ സുന്ദരമാക്കുന്നു. കരൺ ജോഹർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഐശ്വര്യയുടെ ഗ്ലാമർ ലുക്കിൽ ചർച്ചയായ ചിത്രത്തിലെ ഗാനം മനോഹരം.

ബന്ധങ്ങളുടെ ആഴത്തേയും സ്നേഹത്തേയും സങ്കീർണതയേയും കുറിച്ചുള്ള ഗാനം ആലപിച്ചിരിക്കുന്നത് അരിജിത് സിങ് ആണ്. അമിതാഭ് ഭട്ടാചാര്യയുടേതാണു വരികൾ. പ്രിതത്തിന്റേതാണു സംഗീതം. എപ്പോഴത്തേയും പോലെ ഭാവസുന്ദരമായി അരിജിത് ആലപിച്ചിരിക്കുന്നു. പാടിയിരിക്കുന്നതിലെ ഭംഗി ഗാനത്തെ നേരത്തെ തന്നെ ശ്രദ്ധേയമാക്കിയിരുന്നു. ഇപ്പോൾ ദൃശ്യങ്ങളിലൂടെ വിഡിയോയും. രൺബീറിന്റെ അഭിനയമാണു തനിക്കിത്രയേറെ മനോഹരമായി ഗാനം പാടുവാൻ പ്രേരണയായതെന്നു നേരത്തെ അരിജിത് പറഞ്ഞിരുന്നു. 

ധർമാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹിരൂ യാഷ് ജോഹറും കരൺ ജോഹറും ചേർന്നാണു സിനിമ നിർമ്മിക്കുന്നതും. അനിൽ മെഹ്തയുടേതാണു ഛായാഗ്രഹണം. ഫോക്സ് സ്റ്റാർ സ്റ്റ്യുഡിയോസ് വിതരണം ചെയ്യുന്ന ചിത്രം ഒക്ടോബറിൽ പ്രദർശനത്തിനെത്തും. ഫവാദ് ഖാൻ, ലിസാ ഹെയ്ഡൻ, ദീപ്തി നേവൽ തുടങ്ങിയവരാണു മറ്റു വേഷങ്ങളിൽ.