വർഷങ്ങൾക്കിപ്പുറം ഡോലാ രേ പാട്ടിനൊപ്പം ചുവടുവച്ച് ഐശ്വര്യ റായ്

മൺചെരാതുകളൊരുക്കുന്ന വെളിച്ചത്തിൽ കല്ലുപതിപ്പിച്ച ചേല ചുറ്റി ചെഞ്ചുവപ്പൻ കുങ്കുമപ്പൊട്ടണിഞ്ഞ് ആരവങ്ങൾക്കുള്ളിൽ നിന്ന് ചിലങ്ക കെട്ടിയാടുന്ന രണ്ട് പെൺശിൽപങ്ങൾ. ഐശ്വര്യ റായിയും മാധുരി ദീക്ഷിതും ഡോലാ രേ എന്ന പാട്ടിനൊപ്പം പാടിയാടിയ ആ നിമിഷങ്ങൾ വെള്ളിത്തിരയിലെത്തിയിട്ട് പതിന്നാല് വർഷങ്ങൾ പിന്നിടുമ്പോഴും കണ്ണിൽ നിന്ന് മായുന്നേയില്ല ആ രംഗങ്ങൾ. ‌ഇപ്പോഴിതാ വർഷങ്ങൾക്കിപ്പുറം ഡോലാ രേ ക്ക് ചുവടുവച്ച് ഐശ്വര്യയെത്തിയിരിക്കുന്നു.

തന്റെ പുതിയ ചിത്ര സരബ്ജിതിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു നക്ഷത്രക്കണ്ണുള്ള സുന്ദരി ഓർമകളുടെ ചിലങ്കക്കിലുക്കം സമ്മാനിച്ച് മാജിക് നൃത്തമാടിയത്. സ്വർണപ്പൂക്കൾ തുന്നിപ്പിടിപ്പിച്ച വിടർ‌ന്ന നീലപ്പാവാടയണിഞ്ഞ് ഐശ്വര്യ വീണ്ടും ആ പാട്ടിന് ചുവടുവച്ചപ്പോൾ കണ്ടിരുന്നവർക്ക് ആവേശമടക്കാനായില്ല.വേദിയിലുണ്ടായിരുന്ന രൺദീപ് ഹൂഡ, മികാ സിങ്, ചിത്രത്തിന്റെ സംവിധായകന്‍ ഒമങ് കുമാർ എന്നിവരും തങ്ങൾക്കറിയാവുന്ന ചുവടുകൾ വച്ച് ഒപ്പം കൂടി. ഇവരുടെ ഭംഗ്റ സ്റ്റൈൽ ചുവടും മനസുകളുടെ ഇഷ്ടം നേടി.

ബോളിവുഡ് സമ്മാനിച്ച ഏറ്റവും മനോരമായ ഗാനങ്ങളിലൊന്നാണ് ഡോലാ രേ. ഇന്ത്യൻ സിനിമയ്ക്ക് ചെഞ്ചുവപ്പൻ പൊട്ടിന്റെ ഭംഗി പകർന്ന സഞ്ജയ് ലീലാ ബൻസാലിയൊരുക്കിയ ചലച്ചിത്ര കാവ്യമാണ് ദേവദാസ്. കണ്ണുനീരിൽ അവസാനിക്കുന്ന പ്രണയചിത്രത്തിലെ ഓരോ ഗാനങ്ങളോരോന്നും ക്ലാസികുകളായിരുന്നു. നുസ്രത് ബാദർ എഴുതി ഇസ്മയിൽ ദർബാർ ഈണമിട്ട് കവിത കൃഷ്ണമൂർത്തിയും കെകെയും ശ്രേയാഘോഷാലും ചേർന്നു പാടിയ പാട്ടാണിത്. ശ്രേയാ ഘോഷാലിന്റെ സ്വരം നമ്മൾ ആദ്യമായി കേൾക്കുന്നതും ഈ ചിത്രത്തിലൂടെയാണ്. ഇതിലെ ബേരി പിയാ എന്ന ഗാനത്തിനായിരുന്നു ശ്രേയയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത്.