നൂറ് കോടി പിന്നിട്ട് ഓൾ എബൗട്ട് ദാറ്റ് ബാസ്

അമേരിക്കൻ പോപ്പ് രംഗത്തെ യുവ ഗായിക മേഗൻ ട്രെയ്‌നറുടെ ഗാനം ഓൾ എബൗട്ട് ദാറ്റ് ബാസ് നൂറ് കോടി ക്ലബിൽ കടന്നിരിക്കുകയാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ പുറത്തിറങ്ങുന്ന ഗാനം 101.4 കോടി ആളുകളാണ് യൂട്യൂബിലൂടെ മാത്രം കണ്ടത്. ഇതോടെ യൂട്യൂബിന്റെ നൂറ് കോടി ക്ലബിൽ കടക്കുന്ന എട്ടാമത്തെ ഗാനമായി മാറിയിരിക്കുകയാണ് ഓൾ എബൗട്ട് ദാ ബാസ്. സൈയുടെ ജെന്റിൽമാൻ, ബീബറുടെ ബേബി, ടെയ്‌ലർ സ്വിഫ്റ്റിന്റെ ബ്ലാങ്ക് സ്‌പെയ്‌സ്, കാറ്റിപെറിയുടെ ഡാർക്ക് ഹോഴ്‌സ്, റോസ്, സ്വിഫ്റ്റിന്റെ ഷെയ്ക്ക് ഇറ്റ് ഓഫ്, എന്റിക്കേ ഇഗ്ഗേസിയസിന്റെ ബെയ്‌ലാണ്ടോ എന്നീ ഗാനങ്ങളാണ് നിലവിൽ നൂറ് കോടി കാഴ്ച്ചക്കാരുള്ള മറ്റ് ഗാനങ്ങൾ.

കൂടാതെ യൂട്യൂബിൽ നൂറ് കോടി കാണികളെ തികയ്ക്കുന്ന മൂന്നാമത്തെ വനിതാ താരമാണ് മേഗൻ. ചെറുപ്പത്തിലെ തന്നെ പാട്ടുപാടി തുടങ്ങിയ മേഗൻ കഴിഞ്ഞ വർഷമാണ് തന്റെ ആദ്യ ഗാനം ഓൾ എബൗട്ട് ദാറ്റ് ബാസ് പുറത്തിറക്കിയത്. പുറത്തിറങ്ങിയ ആഴ്ച്ചയിൽ തന്നെ ബിൽബോർട്ട് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ ഗാനം കഴിഞ്ഞ വർഷം ഏറ്റവും അധികം വിറ്റ ഗാനങ്ങളിലൊന്നായിരുന്നു. 57 മത് ഗ്രാമിയിലെ സോങ് ഓഫ് ദ ഇയറും, റിക്കാർഡ് ഓഫ് ദ ഇയറുമായി ഗാനം നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടാമത്ത് പുറത്തിറക്കിയ ലിപ്‌സ് ആർ മൂവിങ് എന്ന ഗാനവും ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചിരുന്നു.