Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വപ്നം പോലെ ആരോമലേ...

ar-alphonse

വലിയ പാട്ടുകാരനൊന്നുമല്ല ഞാൻ... എന്നിട്ടും ‘ആരോമലേ...’ എന്ന വിണ്ണൈതാണ്ടി വരുവായയിലെ ആ സുന്ദരമായ പാട്ടു പാടാൻ എ.ആർ. റഹ്മാൻ എന്നെ വിളിച്ചതെന്തുകൊണ്ടാവും? 

അദ്ദേഹത്തോട്  തന്നെ ഞാനിതു ചോദിച്ചിട്ടുണ്ട്. പതിവുപോലെ പാതി വിരിയുന്ന ഒരു ചിരിയായിരുന്നു ആദ്യ മറുപടി. അമേരിക്കയിൽ വച്ച് ആ ട്യൂൺ മനസ്സിൽ രൂപപ്പെട്ടപ്പോൾ ഗായകനായി അദ്യം  തോന്നിയത് എന്നെയായിരുന്നു എന്നു പറഞ്ഞു. എത്രയോ മഹാൻമാരായ ഗായകരെക്കൊണ്ടു പാടിച്ചിട്ടുള്ള ആളാണു റഹ്മാൻ. അദ്ദേഹം വിളിച്ചാൽ ആരും എവിടെ നിന്നും പറന്നെത്തും. എന്നിട്ടും ആ പാട്ടിനായി എന്നെ വിളിക്കാൻ  തോന്നിച്ചത് ഈശ്വര നിയോഗമായാണ് കാണുന്നത്.  എന്റെ സംഗീത ജീവിതത്തിൽ അവസരങ്ങൾ ഇല്ലാതെ പ്രതിസന്ധിയിലൂടെ കടന്നുപോയൊരു സമയത്താണ്  ഓർക്കാപ്പുറത്ത് ഇങ്ങനെയൊരു അവസരം തേടി വരുന്നത് എന്നതും  ഒരു അത്ഭുതമായിരുന്നു. 

സത്യത്തിൽ ആ സിനിമയുടെ പ്ലാനിങ്ങിൽ അങ്ങനെയൊരു പാട്ടുണ്ടായിരുന്നില്ല. അമേരിക്കൻ പര്യടനത്തിനിടെ ബ്ലൂസ് സംഗീതം  (പശ്ചാത്യ സംഗീതത്തിലെ ഒരു സംഗീത ശാഖ) കേട്ട് അതിഷ്ടപ്പെട്ട റഹ്മാൻ ആ ശൈലിയിൽ  പെട്ടെന്നു ചെയ്തതാണത്. അമേരിക്കയിൽ നിന്നു തന്നെ അതിന്റെ താളം അദ്ദേഹം റെക്കോർഡ് ചെയ്തു ചെന്നൈയിലെ തന്റെ സ്റ്റുഡിയോയിലേക്ക് അയച്ചു. അതനുസരിച്ചു പാട്ട് എഴുതിക്കാനായിരുന്നു അത്. ഒരു ക്രൈസ്തവ ഭക്തി പശ്ചാത്തലമായുള്ള വരികൾ വേണമെന്നും പറഞ്ഞിരുന്നു. അങ്ങനെയാണു കൈതപ്രം ദാമോദരൻ നമ്പൂതിരിയെ ചെന്നൈയിൽ വരുത്തിച്ചു പാട്ടെഴുതിയത്. 

ആ സമയത്തു സ്പോണ്ടിലൈറ്റിസ് പിടിപെട്ടു മൂന്നു നാലു മാസം ഞാൻ കിടപ്പിലായിരുന്നു. അതു കഴിഞ്ഞിട്ടും അവസരങ്ങളൊന്നുമില്ല. അങ്ങനെ കരിയറിൽ താഴ്ചയുടെ ഒരു സമയത്താണു റഹ്മാന്റെ സംഗീത സംഘത്തിലുൾപ്പെട്ട ഗായകൻ ശ്രീനിവാസിന്റെ വിളി വരുന്നത്. റഹ്മാൻ എന്നെക്കൊണ്ടു ഒരു പാട്ട് പാടിക്കാൻ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു. ശരിക്കും അത്ഭുതപ്പെട്ടുപോയി. 

പരിചയമുണ്ടെങ്കിലും കാര്യമായ അടുപ്പമൊന്നും അതിനു മുൻപ് അദ്ദേഹവുമായി   ഉണ്ടായിരുന്നില്ല. ഞാൻ സംഗീത സംവിധാനം  നിർവഹിച്ച ആദ്യ സിനിമയായ വെള്ളിത്തിരയുടെ ഓഡിയോ പ്രകാശനത്തിന് അദ്ദേഹം കൊച്ചിയിൽ വന്നിരുന്നു. നിർമാതാവ് ഗുഡ്നൈറ്റ് മോഹനുമായുള്ള  അടുപ്പം മൂലമാണ് അങ്ങനെയൊരു ചടങ്ങിന് എത്തിയത്. അദ്ദേഹത്തെ ആദ്യമായി നേരിൽ കാണുന്നതും പരിചയപ്പെടുന്നതും അവിടെയാണ്. ഞാൻ ഇംഗ്ലിഷിലുള്ള ഒരു ക്രിസ്തീയ ഭക്തിഗാനം അവിടെ പാടിയിരുന്നു. ചടങ്ങുകഴിഞ്ഞു പരിചയപ്പെട്ടപ്പോൾ പാട്ടുകാരാനാവാനാണോ  സംഗീത സംവിധായകനാവാനാണോ  ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം ചോദിച്ചു. സംഗീത സംവിധാനത്തിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും നല്ല അവസരം കിട്ടിയാൽ പാടാനും ആഗ്രഹമുണ്ടെന്നു മറുപടി നൽകി.  അന്നു ഫോൺ നമ്പർ വാങ്ങി. പിന്നീട് ഇടയ്ക്കിടെ തമ്മിൽ മെസേജുകൾ അയച്ചിരുന്നു. അദ്ദേഹത്തിന്റെ  വേൾഡ് ടൂറിൽ പങ്കെടുക്കാൻ വിളിച്ചിരുന്നെങ്കിലും ആ സമയത്തു തന്നെ മറ്റൊരു യൂറോപ്യൻ  ടൂർ ഏറ്റിരുന്നതിനാൽ അദ്ദേഹത്തിനൊപ്പം ചേരാനായില്ല. പക്ഷേ, ആ ടൂറിനിടെ വിമാനത്തിൽ വച്ചു ഞങ്ങൾ വീണ്ടും കണ്ടു. ഓർമയുണ്ടാകുമോ എന്നു സംശയത്തോടെയാണ് അടുത്തു പോയി സംസാരിച്ചതെങ്കിലും മൊബൈൽ മെസേജിന്റെ കാര്യമെല്ലാം പറഞ്ഞ് അദ്ദേഹം തന്നെ പരിചയം പുതുക്കി. ഓസ്ക്കാർ പുരസ്ക്കാരം ലഭിച്ചതിനു പിന്നാലെ ചെന്നൈയിൽ ഏർപ്പെടുത്തിയ സ്വീകരണത്തിൽ കേരള മ്യൂസിഷ്യൻസ് അസോസിയേഷൻ  സെക്രട്ടറി എന്ന നിലയിൽ ഞാനും പങ്കെടുത്തു. അന്നും സംസാരിക്കാൻ അവസരം  ലഭിച്ചു. 

കൊച്ചിയിൽ ഞാൻ പാടിയ പാട്ടും മറുപടിയും അദ്ദേഹത്തിന്റെ  മനസ്സിൽ ഉണ്ടാകുമായിരുന്നിരിക്കും. അതുകൊണ്ടാവും ആരോമലേ പോലൊരു ഗാനം വന്നപ്പോൾ അദ്ദേഹം എന്നെ ഓർത്തതെന്നാണ് എന്റെ വിശ്വാസം. ഞാൻ ചെന്നൈയിൽ ആ പാട്ടിന്റെ റെക്കോർഡിങ്ങിനായി എത്തിയപ്പോഴും ആ പാട്ടിന്റെ ഈണം സംബന്ധിച്ചു പൂർണ രൂപം ആയിട്ടില്ല. 

വരികൾ കേട്ടു ചിട്ടപ്പെടുത്തിയ ട്യൂൺ പാടി പഠിപ്പിച്ചു. ‘സ്വസ്ഥി സ്വസ്ഥി സുമുഹൂർത്തം ...’ എന്ന വരികളാണ് ആദ്യം പാടാൻ പറ‍ഞ്ഞത്.  പക്ഷേ, പാടി തുടങ്ങിയതും എനിക്കു വിറയലായി. ഇത്രയും ആൾക്കാരെക്കൊണ്ടു പാടിക്കുന്ന നീ എന്തിനാ ഇങ്ങനെ പരിഭ്രമിക്കുന്നതെന്നും  ധൈര്യമായി പാടാനും പറഞ്ഞ് ഒപ്പമുണ്ടായിരുന്ന ശ്രീനിവാസ്  ആത്മവിശ്വാസം  പകർന്നു. ആവശ്യമുള്ള സമയം എടുത്തു പല ടേക്കുകളായി പാടിയാൽ മതിയെന്നു പറഞ്ഞു റഹ്മാനും എന്നിലെ ടെൻഷൻ ചോർത്തിക്കളഞ്ഞു. പാട്ടിന്റെ അവസാനം ആരോമലേ...  എന്ന ഹൈപിച്ച് ഭാഗമെത്തിയപ്പോൾ മനോധർമം  പോലെ അവിടെ പാടിക്കോളാനായി നിർദേശം. ആ സ്വാതന്ത്ര്യം ഞാനുപയോഗിക്കുകയും  ചെയ്തു. പക്ഷേ, ഹൈപിച്ചിൽ ഒരു ഭാഗത്തു ശബ്ദം ഇടറിയപ്പോൾ പാടുന്നതു നിർത്തി. പക്ഷേ അതു മതിയെന്നും മാറ്റി പാടേണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ  നിർദേശം. 

പാട്ടു കേട്ടതോടെ  വിണ്ണൈതാണ്ടി വരുവായയുടെ  സംവിധായകൻ ഗൗതം മേനോനു  വളരെ ഇഷ്ടപ്പെട്ടു. അങ്ങനെ അത് ഓഡിയോയിൽ ഉൾപ്പെടുത്തി. ഓഡിയോ പ്രകാശനം ലണ്ടനിലായിരുന്നു. അവിടെ ഞാനീ പാട്ടുപാടി കഴിഞ്ഞതും സദസ് എണീറ്റുനിന്നു കയ്യടിച്ചു. അതോടെ ഈ പാട്ടു ഷൂട്ട് ചെയ്തു സിനിമയിൽ ഉൾപ്പെടുത്താൻ സംവിധായകൻ  തീരുമാനിക്കുകയായിരുന്നു. ഷൂട്ടിങ് ഏതാണ്ടു പൂർത്തിയാക്കിയ സിനിമയുടെ തിരക്കഥ മാറ്റിയെഴുതിയാണ് ഈ പാട്ട് ക്ലൈമാക്സിൽ ഉൾപ്പെടുത്തിയത്. 

രസകരമായ കാര്യം ഞാൻ പാടിയ ഓർഡറിലല്ല പാട്ടു പുറത്തു വന്നതെന്നതാണ്. മിക്സിങ് കഴിഞ്ഞു പുറത്തുവന്ന പാട്ടുകേട്ടു ഞാനും ഞെട്ടി.  ഗായകരുടെയും  ഇൻസ്ട്രമെന്റ് വായിക്കുന്നവരുടെയുമെല്ലാം  പല ടേക്ക് അദ്ദേഹം എടുക്കും. ഇതിൽ ഏതൊക്കെ എങ്ങനെയെല്ലാം ഉപയോഗിക്കുമെന്നു പാട്ട് പുറത്തു വരുമ്പോഴാണ് അറിയാനാവുക. ഓരോ ആർട്ടിസ്റ്റിൽ നിന്ന് ഏറ്റവും മികച്ചതു നേടിയെടുക്കാൻ അദ്ദേഹത്തിനു നന്നായറിയാം. 

ആരോമലേ പാടിയ ശേഷം അദ്ദേഹത്തോടൊപ്പം ആറുമാസത്തോളം നീണ്ട വേൾഡ് ടൂറിലും പങ്കാളിയാവാൻ അവസരം ലഭിച്ചു. അന്നു സാധാരണ റിഹേഴ്സൽ കഴിഞ്ഞ് ഒറിജിനൽ ഷോയുടെ അതേ രീതിയിൽ 10 ദിവസമൊക്കെ പ്രോഗ്രാം ഹാളിൽ ഡ്രസ് റിഹേഴ്സൽ ഉണ്ടാവും. അതു പുലർച്ച മൂന്നു വരെയൊക്കെ നീളും. ഒരിക്കൽ വാഷിങ്ടണിൽ ഇങ്ങനെ പുലർച്ചെ ഒരു റിഹേഴ്സൽ കഴിഞ്ഞ് അദ്ദേഹം കാറിൽ പോയതു ന്യൂയോർക്കിലേക്കായിരുന്നു.  അവിടെ ഒരു പാട്ടിന്റെ മിക്സിങ് കഴിഞ്ഞ് ഉച്ചയ്ക്കു മുൻപേ തിരികെ വാഷിങ്ടണിലെ റിഹേഴ്സൽ  ക്യാംപിൽ മടങ്ങിയെത്തി. ഇതിനിടെ ഉറക്കം പോലും അദ്ദേഹം മറന്നു. അത്രയ്ക്കു സമർപ്പണമാണ്  അദ്ദേഹത്തിനു തന്റെ സംഗീതത്തോട്. റഹ്മാനെ ഈ 50-ാം വയസ്സിലും  മറ്റാർക്കും തൊടാനാവാത്ത ഉയരങ്ങളിലെ സംഗീത താരകമാക്കി മാറ്റിയതും ആ സമർപ്പണം തന്നെയാണ്...

Your Rating: