തകർപ്പൻ ലുക്കിൽ ചാക്കോച്ചനും ജയസൂര്യയ്ക്കുമൊപ്പം അമല പോൾ

ചാക്കോച്ചനും ജയസൂര്യയ്ക്കുമൊപ്പം സ്റ്റൈലൻ നൃത്തവും ഒപ്പം തകർപ്പൻ ലുക്കുമായി അമല പോളും. ഷാജഹാനും പരീക്കുട്ടിയുമെന്ന ചിത്രത്തിലെ ചിത്തിര മുത്തേ എന്ന പാട്ടിന്റെ വിഡിയോയാണിത്. ഒരു ഇടവേളയ്ക്കു ശേഷം അമല പോൾ മലയാള സിനിമയിലെത്തിയിരിക്കുകയാണ് ഈ സിനിമയിലൂടെ. ‌ജയസൂര്യയേയും ചാക്കോച്ചനേയും കൂടാതെ അജു വർഗീസുമുണ്ട് പാട്ടിൽ. പട്ടാളക്കാരന്റെ വേഷത്തിൽ അജു രസകരമാക്കുന്നു. ഈ മൂന്നു പേരും ഈ പെൺകുട്ടിക്ക് പുറകേയാണ്. ഇവര്‍ ചിന്തിച്ചു കൂട്ടുന്ന രസകരമായ നിമിഷങ്ങളാണ് പാട്ടു രംഗത്തിലുള്ളത്. അമല പോളിന്റെ വേഷവിധാനങ്ങളും നൃത്തവും വ്യത്യസ്തമാണ്. പാട്ട് കാണാനും കേൾക്കാനും ഒരുപോലെ മനോഹരം.

ബി.കെ ഹരിനാരായണനാണ് വരികളെഴുതിയത്. സംഗീതം ഗോപീ സുന്ദറിന്റെയും. വിജയ് യേസുദാസിനൊപ്പം ജയസൂര്യ അഫ്സൽ ദിവ്യ എസ് മേനോൻ എന്നിവർ ചേർന്ന് പാടിയ പാട്ടാണിത്. ബോബൻ സാമുവേൽ സംവിധാനം ചെയ്യുന്ന ചിത്രം ആഷിഖ് ഉസ്മാനാണ് നിർമിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിലുണ്ട്. സിനിമ ഈദിന് റിലീസിനെത്തും.