മലയാളത്തിന്റെ കൊലവെറിയായി അമൃതയുടെ പാട്ട്

ഫേസ്ബുക്കിൽ പാട്ടുകാരുടെ പേജുകൾ തേടി നമ്മൾ പോകുന്നതെന്തിനാണ്. അവരുടെ പാട്ടു കേൾക്കാൻ. കാമറക്ക് മുന്നിലിരുന്ന് ഒരു വാദ്യോപകരണത്തിന്റെയും പിന്തുണയില്ലാതെ അവർ പാടുന്നത് കേൾക്കാൻ നമുക്കേറെ ഇഷ്ടമാണ്. നമ്മൾടെ പാട്ടുകാർക്കും ഈ ആശയെ കുറിച്ച് നല്ല ബോധ്യമുണ്ട്. പ്രതീക്ഷകളെ മങ്ങിക്കാതെ ഒരുപാട് പാട്ടുകൾ പാടിത്തരുന്നുണ്ട് അവർ. എന്തിന് ഇക്കാര്യം ഇപ്പോള്‍ പറയുന്നുവെന്നല്ലേ. അമൃത സുരേഷിന്റെ പേജിലേക്ക് ഒന്ന് പോയി നോക്കൂ. 2.6 മില്യൺ പ്രാവശ്യമാണ് അമൃതയുടെ ഈ വിഡിയോ ആളുകൾ കണ്ടത്. ഓം നമശിവായ എന്ന കീർത്തനമാണ് അമൃത പാടിയത്. 2 മിനുട്ട് 26 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ കഴിഞ്ഞ നവംബർ 25നാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. മൊബൈൽ കാമറയിൽ ചിത്രീകരിച്ച പാട്ടിൽ അമൃതയുടെ ലുക്ക് തീർത്തും സിംപിൾ. പക്ഷേ പാട്ട് അതിസുന്ദരം. 28000 ഓളം ആളുകളാണ് വിഡിയോ ഷെയർ ചെയ്തത്.

റിയാലിറ്റി ഷോകളിലൂടെ മലയാളി പരിചയപ്പെട്ട പാട്ടുകാരിയാണ് അമൃത സുരേഷ്. ഏത് പാട്ടും അനായാസമായി പാടാനുള്ള കഴിവാണ് അമൃതയെ വേറിട്ട് നിർത്തുന്നത്. രണ്ടര ലക്ഷത്തിലധികം ലൈക്സുമുണ്ട് അമൃതക്ക് ഫേസ്ബുക്കിൽ. അമൃതയുടെ അച്ഛൻ വാദ്യോപകരണ വിദഗ്ധനാണ്. അനിയത്തി അഭിരാമിയും കലാരംഗത്തുണ്ട്. അനിയത്തിയോടൊപ്പം ചേർന്ന് അമൃതം ഗമയ എന്ന ബാന്‍ഡുമായി സംഗീത ലോകത്ത് സജീവമാണ് അമൃത. നടൻ ബാലയെയാണ് അമൃത വിവാഹം ചെയ്തത്. അവന്തിക മകളാണ്.