വിവാദമാകാതെ അനിരുദ്ധിന്റ പുതിയ പാട്ട്

ബീപ് സോങ് വിവാദത്തിൽ നിന്ന് ചിമ്പുവിന്റെ ഇമേജിനെ അൽപമെങ്കിലും ഉയർത്തിയെടുത്തത് ഗൗതം മേനോന്റെ അച്ഛം എൻബദ് മടമൈയെടാ എന്ന ചിത്രമായിരുന്നു. ചിമ്പുവിന് കിട്ടിയ പോലൊരു പിടിവള്ളി വിവാദത്തിലെ സഹനായകൻ അനിരുദ്ധിനും കിട്ടിയിരിക്കുന്നു. വലൻറൈൻസ് ദിനത്തിനു തലേന്ന് പുറത്തിറങ്ങിയ അനിരുദ്ധിന്റെ പ്രണയപാട്ട് തമിഴകത്തിന് ഇഷ്ടമായിക്കഴിഞ്ഞു. അനിരുദ്ധിന്‍റെ ‌സിംഗിൾ വിഡിയോ സോങ് ആണിത്. പാട്ടു പോലെ ഹൃദയത്തിൽ തൊടുന്നു വിഡിയോയിലെ ദൃശ്യങ്ങളും. പ്രണയത്തിന് പ്രായമില്ലെന്ന യാഥാർഥ്യത്തെ, മനസിലെ സ്നേഹത്തിനു മുന്നിൽ പ്രണയിനിയുടെ കുറവുകളും മാഞ്ഞില്ലാതാകുന്ന മനോഹാരിതയെയാണ് വിഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. അനിരുദ്ധിനൊപ്പം ശ്രീനിധിയാണ് പാടിയിരിക്കുന്നത്. വരികളും സംവിധാനവും വിഗ്‌നേഷ് ശിവന്റേതാണ്. ദിനേഷ് കൃഷ്ണൻ ഛായാഗ്രഹണവും റൂബെൻ എഡിറ്റിങ്ങും ചെയ്തിരിക്കുന്നു.

സ്ത്രീകളെ അധിക്ഷേപിക്കുന്ന പദങ്ങൾക്ക് പകരം ബീപ് എന്ന ശബ്ദമുപയോഗിച്ച് പാട്ടെഴുതിയതിന് അനിരുദ്ധിനും ചിമ്പുവിനുമെതിരെ തമിഴ്നാട്ടിലെ സ്ത്രീപക്ഷം വലിയ പ്രതിഷേധമുയർത്തിയിരുന്നു. പ്രശ്നം ഇപ്പോൾ അൽപം കെട്ടടങ്ങിയെങ്കിലും നിയമ നടപടികൾ പുരോഗമിക്കുന്നുണ്ട്. ഗൗതം മേനോന്റെ അച്ചം എൻബദ് മടമൈയെടാ എന്ന ചിത്രത്തിലെ തള്ളി പോഗാതെ എന്ന പാട്ട് ചിമ്പുവിന്റെ കരിയറിന് ഒരിടവേളക്ക് ശേഷം നല്ല കുതിപ്പ് നൽകി. സിദ്ധ് ശ്രീറാമാണ് ചിത്രത്തിൽ പാടിയത്. ചിമ്പു പാടിയ സിംഗിൾ വിഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു.