ബീപ് സോങ്: പൊലീസിനു മുന്നിലെത്താൻ പതിനഞ്ച് ദിവസം കൂടി വേണമെന്ന് അനിരുദ്ധ്

ബീപ് സോങ് വിവാദത്തിൽ പൊലീസിനു മുൻപാകെ ഹാജരാകാൻ അനിരുദ്ധ് രവിചന്ദർ പതിനഞ്ച് ദിവസം കൂടി ആവശ്യപ്പെട്ടു. ചിമ്പു എഴുതി പാടിയ അനിരുദ്ധ് ഈണമിട്ട ബീപ് സോങ് വിവാദം തമിഴകത്ത് കത്തിപ്പടരാൻ‌ തുടങ്ങിയിട്ട് നാളുകളേറെയായി. ചിമ്പുവിനും അനിരുദ്ധിനുമെതിരെ സൈബർ പൊലീസും കോയമ്പത്തൂര്‍ പൊലീസും പതിനഞ്ചോളം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

കാനഡയിൽ നടത്തുന്ന സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് ലണ്ടനിലാണിപ്പോൾ അനിരുദ്ധ്. ഇക്കാരണത്താലാണ് ഹാജരാകുന്നതിന് കുറച്ച് ദിവസം കൂടി സാവകാശം അനുവദിക്കണമെന്ന് അനിരുദ്ധിന്റെ അഭിഭാഷകർ കോയമ്പത്തൂർ റേസ് കോഴ്സ് പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ച അപേക്ഷയിൽ ആവശ്യപ്പെടുന്നത്. ബീപ് സോങ് വിവാദത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന നിലപാടിലാണിപ്പോഴും അനിരുദ്ധ്. ജനുവരി രണ്ടാം വാരത്തോടെ തിരികെയത്തി അനിരുദ്ധ് തന്റെ സത്യസന്ധത തെളിയിക്കുമെന്നും വിവരങ്ങൾ പൊലീസിനു മുൻപാകെ ഹാജരാക്കുമെന്നും അഭിഭാഷകർ പറഞ്ഞു.

സ്ത്രീകളെ കുറിച്ചുള്ള അശ്ലീല പദങ്ങൾക്ക് പകരം ബീപ് എന്ന ശബ്ദമുപയോഗിച്ച് പാട്ടെഴുതിയത് ചിമ്പുവാണ്. അനിരുദ്ധാണ് ഈണമിട്ടത്. യുട്യൂബിൽ വീഡിയോ എത്തിയതോടെയാണ് സംഗതി വിവാദമായത്. ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വുമൺസ് അസോസിയേഷനാണ് ചിമ്പുവിനും അനിരുദ്ധിനുമെതിരെ പരാതി നൽകിയത്.