പ്രേമത്തിൽ അനിരുദ്ധ് രവിചന്ദ്രരുടെ പാട്ട്

തമിഴകത്തെ യുവ സംഗീത സംവിധായകരിൽ പ്രഗത്ഭനാണ് അനിരുദ്ധ് രവിചന്ദ്രർ. വൈ ദിസ് കൊലവെറി എന്ന ആദ്യ ഗാനത്തിലൂടെ തെന്നിന്ത്യൻ സിനിമാ ലോകത്ത് തരംഗങ്ങൾ സൃഷ്ടിച്ച അനിരുദ്ധ് എതിർ നീച്ചൽ, ഡേവിഡ്, വണക്കം ചെന്നൈ, ഇരണ്ടാം ഉലകം, വേലൈ ഇല്ല പട്ടധാരി, മാൻ കരാട്ടേ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. ആദ്യ ചിത്രത്തിലൂടെ തന്നെ ഗായകനായും അരങ്ങേറ്റം കുറിച്ച അനിരുദ്ധ് തന്റെ സംഗീതത്തിലും തമിഴകത്തെ പ്രശസ്ത സംഗീത സംവിധായകരുടെ കീഴിലും പാടിയിട്ടുണ്ട്.

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രേമത്തിലൂടെ അനിരുദ്ധ് മലയാളത്തിലും അരങ്ങേറ്റം കുറിക്കുകയാണ്. പക്ഷേ ചിത്രത്തിന് വേണ്ടി മലയാളം ഗാനമല്ല റോക്കാൻകുത്ത് എന്ന തമിഴ് ഗാനമാണ് അനിരുദ്ധ് ആലപിക്കുന്നത്. അനിരുദ്ധും ഹരിചരണും ചേർന്നാണ് ഗാനം ആലപിച്ചത്. ചിത്രത്തിന് വേണ്ടി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി കലിപ്പ് എന്ന തുടങ്ങുന്നൊരു ഗാനവും ആലപിച്ചിട്ടുണ്ട്. നേരത്തെ ചിത്രത്തിലെ ആലുവ പുഴയുടെ തീരത്ത് എന്ന ഗാനത്തിന്റെ വിഡിയോ പുറത്തുവന്നിരുന്നു. സൂപ്പർ ഹിറ്റായ ഗാനം ഇതുവരെ 2.7 ലക്ഷം ആളുകളാണ് യൂട്യൂബിലൂടെ കണ്ടിരിക്കുന്നത്.

നേരം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമം. ലോകസിനിമാ ചരിത്രത്തിലെ പുതുമയൊന്നുമില്ലാത്ത രണ്ടാമത്തെ മലയാള ചിത്രം എന്ന ടാഗ് ലൈനുകൊണ്ട് തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിന്റെ പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നേരത്തിന്റെ സംവിധായകൻ അൽഫോൺസ് പുത്രൻ തന്നെ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിൽ നിവിൻ പോളിയേ കൂടാതെ അനുപമ പരമേശ്വരൻ, വിനയ് ഫോർട്ട്, ജൂഡ് ആന്റണി ജോസഫ്, മണിയൻ പിള്ള രാജു, കൃഷ്ണശങ്കർ, ശബരീഷ് വർമ്മ, വിൽസൺ ജോസഫ്, ദീപക്ക് നാഥൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്, അൻവർ റഷീദ് എന്റർടൈൻമെൻസിന്റെ ബാനറിൽ അൻവർ റഷീദ് നിർമ്മിക്കുന്ന ചിത്രം പ്രണയദിനമായ ഫെബ്രുവരി 14 ന് തീയേറ്ററിലെത്തും.