അനിരുദ്ധ് റൊമാന്റിക്ക് മൂഡിൽ

മാരിയിലെ തട്ടുപൊളിപ്പൻ ഗാനങ്ങൾക്ക് ശേഷം അനിരുദ്ധ് റൊമാന്റിക്ക് മൂഡിലെത്തുന്നു. വിഗ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന ഞാനും റൗഡി താൻ എന്ന ചിത്രത്തിന് വേണ്ടിയാണ് റൊമാന്റിക്ക് ഗാനങ്ങൾക്ക് അനിരുദ്ധ് സംഗീതം പകരുന്നത്. അനിരുദ്ധ് തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. ഗാനങ്ങൾ ഉടൻ പുറത്തിറങ്ങുമെന്നും താരം അറിയിച്ചിട്ടുണ്ട്.

നേരത്തെ കവയത്രിയും ഗാനരചയിതാവുമായ താമരയുമായി ഒന്നിക്കുന്നു എന്ന വാർത്ത അനിരുദ്ധ് ട്വിറ്റിലൂടെ പുറത്തുവിട്ടിരുന്നു. അനിരുദ്ധിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഗാനത്തിലൊന്നായിരിക്കും താമരയുമായി സഹകരിച്ച് പുറത്തിറക്കുന്നതെന്ന് ചിത്രത്തിന്റെ സംവിധായകൻ വിഗ്‌നേശ് ശിവൻ അന്ന് പറഞ്ഞിരുന്നു. വിജയ് സേതുപതി നായകനാവുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് വിഗ്‌നേശ് ശിവൻ തന്നെയാണ്.

വിജയ് സേതുപതിയെ കൂടാതെ നയൻതാര, ആർ ജെ ബാലാജി, ആർ പാർഥിപൻ, രാധിക ശരത്കുമാർ, ആനന്ദരാജ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷ് നിർമ്മിക്കുന്ന ചിത്രം ഉടൻ പ്രദർശനത്തിനെത്തും.