ഇതു നമ്മ ആളിൽ അനിരുദ്ധിന്റെ പാട്ട്

തമിഴിലെ യുവസംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദ്രർ ചിമ്പുവിനായി പാടുന്നു. ചിലബരശൻ നായകനാവുന്ന പുതിയ ചിത്രം ഇതു നമ്മ ആളിന് വേണ്ടിയാണ് അനിരുദ്ധ് പാടുന്നത്. ചിത്രത്തിനായി പാടുന്ന വിവരം അനിരുദ്ധ് തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. ഇതു നമ്മ ആളിലൂടെ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിമ്പുവിന്റെ സഹോദരൻ കുറലരശന് അനിരുദ്ധ് ആശംസകളും നേർന്നിട്ടുണ്ട്.

നയൻതാരയും ചിലമ്പരശനും പ്രധാന വേഷങ്ങളിലെത്തുന്ന ഇത് നമ്മ ആള് എന്ന ചിത്രത്തിന് വേണ്ടി ശ്രുതി ഹാസൻ, യുവാൻ ശങ്കർ രാജ, ചിലമ്പരശൻ, ടി രാജേന്ദ്രൻ എന്നിവർ പാടിയിരുന്നു. പശങ്ക എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ പാണ്ഡ്യരാജ് ഒരുക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ഇതു നമ്മ ആള്. നയൻതാരയും ചിമ്പുവും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണ് റൊമാന്റിക്ക് കോമഡിയായ ഇതു നമ്മ ആള്. ചിത്രത്തിൽ ചിമ്പുവിനേയും നയൻതാരയേയും കൂടാതെ ആൻഡ്രിയ ജർമ്മിയ, സന്താനം, സൂരി, അർജുനൻ, ജയപ്രകാശ്, ഉദയഭാനു മഹേശ്വരൻ, അമൃതവാണി അറുമുഖം തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ചിമ്പു സിനി ആർട്ട്സിന്റെ ബാനറിൽ ചിലമ്പരശൻ നിർമ്മിക്കുന്ന ചിത്രം 2015 സെപ്റ്റംബറിൽ തീയേറ്ററിലെത്തും.