ഈ ടീച്ചർ പാടിയാൽ അത് ഹിറ്റാണ്

കല്യാണ ചെക്കനും പെണ്ണും പാടുന്ന വിഡിയോ കൗതുകത്തിനുമപ്പുറം, പാട്ടിന്റെ ഭംഗികൊണ്ടു വമ്പൻ ഹിറ്റായി. രണ്ടു പേരും പാടുന്നവരല്ലേ എന്നാൽ പിന്നെ കല്യാണത്തിനൊരു പാട്ടു പാടണമെന്നേ ചിന്തിച്ചിരുന്നുള്ളൂ. നവദമ്പതികളായ മാർ അഗസ്തിനോസ് കോളെജിലെ ഇംഗ്ലിഷ് അധ്യാപിക ലല്ലുവും ഐടി പ്രൊഫഷണലായ അനൂപും അങ്ങനെ താരങ്ങളായി. ലല്ലുവിനെ കൊണ്ടു കോളെജിലെ പുതിയ കുട്ടികളെ വരവേൽക്കുന്ന ചടങ്ങിൽ പാടിച്ച ദൃശ്യങ്ങളും അതുപോലെ ശ്രദ്ധേയമായി. ആടി വാ കാറ്റേ പാടിവാ കാറ്റേ എന്ന ഗാനം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ് ഇപ്പോള്‍.

"കോളെജിലെ ഏതു പരിപാടിക്കും പാട്ടു പാടാനുള്ള അവസരം തരാറുണ്ട്. സാധാരണ കുട്ടികൾക്കായിരിക്കുമല്ലോ ഇങ്ങനെ നൽകുന്നത്. പക്ഷേ എന്റെ കോളെജ് എനിക്ക് പിന്തുണ നൽകാറുണ്ട്. ദൈവം തന്ന കഴിവിനെ പ്രൊഫഷണൽ ജീവിതത്തോടൊപ്പം മുന്നോട്ടു കൊണ്ടുപോകണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഒരു പ്രാദേശിക ചാനലാണ് കോളെജിൽ പാടുന്ന ദൃശ്യം ഫേസ്ബുക്കിലിട്ടത്. പക്ഷേ അതിത്രയേറെ ശ്രദ്ധ നേടുമെന്നു കരുതിയേയില്ല - ലല്ലു പറയുന്നു. വീട്ടിൽ എല്ലാവർക്കും സംഗീതം ഏറെയിഷ്ടം. അമ്മ നന്നായി പാടും. അച്ഛൻ അൽഫോൺസ്  ഗിത്താറിസ്റ്റാണ്. അതുകൊണ്ടു തന്നെ പാട്ടു പഠനത്തിനു വലിയ പിന്തുണയായിരുന്നു. അതേ അന്തരീക്ഷമുള്ളൊരു വീട്ടിലേക്കാണു വന്നു കയറാനായതെന്നത് മറ്റൊരു ഭാഗ്യവും" - ലല്ലു പറയുന്നു.

പാട്ടാണ് ഇരുവർക്കുമിഷ്ടമുള്ള കാര്യം. വിവാഹം ആലോചന തുടങ്ങിയപ്പോഴേ ഇരുവരും ആഗ്രഹിച്ചതും പാട്ടിഷ്ടമുള്ള ഒരാളെ തന്റെ ജീവിതത്തിൽ കൂട്ടായി വരണമേയെന്നു തന്നെ. അതുപോലെ തന്നെ സംഭവിച്ചു. പാട്ടിനോട് ഏറെ സ്നേഹമെന്നു മാത്രമല്ല നന്നായി പാടുകയും ചെയ്യുന്നവർ തന്നെയാണ് ഒന്നായത്. അനൂപ് ആൻ‍ഡ് ലല്ലൂ സിങിങ് കപ്പിൾ എന്ന ഫേസ്ബുക്ക് പേജ് ഏറെയാളുകൾക്കിഷ്ടമാണ്. ഒരു ബാൻഡ‍ായി അതിനെ വളർത്തിയെടുക്കണമെന്നാണു ഇരുവരുടെയും സ്വപ്നം. പൊൻകുന്നം ജോസ് എന്ന അധ്യാപകനു കീഴിലാണു സംഗീത പഠനം ഇരുവരും നടത്തുന്നത്.