നായികയായതിനേക്കാള്‍ സന്തോഷം പാടാനായതിൽ: അപർണ ബാലമുരളി

മഹേഷിന്റെ പ്രതികാരമെന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലിന്റെ നായികായിക്കൊണ്ട് സിനിമയിലേക്കും അതേ ചിത്രത്തിലെ പാട്ടുകാരിയായിക്കൊണ്ടും പിന്നണി ഗായികയായുമൊരു കടന്നുവരവ്. മലയാള സിനിമയിലേക്കു ഏറ്റവുമടുത്തൊരു ഈ തകർപ്പൻ എൻട്രി നടത്തിയ താരമാണു അപർണ ബാലമുരളി. ചേട്ടൻ സൂപ്പറാ...എന്ന ആ ഒരൊറ്റ ഡയലോഗു മതി അപർണയെ ഓർക്കുവാൻ. പക്ഷേ ചിത്രത്തിൽ അഭിനയിക്കുവാൻ കഴിഞ്ഞതിനേക്കാൾ സന്തോഷം പാടാനായതിലാണു. സന്തോഷമെന്നു അപർ‌ണ പറഞ്ഞു. മനോരമ ഓൺലൈനിന്റെ ഐ മീ മൈസെൽഫിലായിരുന്നു അപർണയുടെ വെളിപ്പെടുത്തൽ. 

മഹേഷിന്റെ പ്രതികാരത്തിന്റെ സെറ്റിൽ വെറുതെ പാടി നടക്കുമായിരുന്നു അപർണ . ആ പാട്ടു ശ്രദ്ധിച്ച സംവിധായകൻ ദിലീഷ് പോത്തൻ പറഞ്ഞു, ഇവളെക്കൊണ്ടൊരു പാട്ടു പാടിച്ചാലോ എന്ന്. അത് യാഥാർഥ്യമാകുമോ എന്നൊന്നും അറിയില്ലായിരുന്നു. ഫഹദ് ഫാസിലിന്റെ നായികയാകുന്നുവെന്ന കേട്ടപ്പോഴേ ആകെ എക്സൈറ്റഡ് ആയിരുന്നു. പിന്നെ ഇതും കൂടിയായപ്പോൾ പറയേണ്ടതില്ലല്ലോ. പോത്തൻ ചേട്ടൻ അങ്ങനെ പറഞ്ഞെങ്കിലും സംഗീത സംവിധായകൻ ബിജിബാലിന് അത് സ്വീകാര്യമാകുമോ എന്നൊന്നും അറിയില്ലായിരുന്നു. എന്തായാലും അദ്ദേഹത്തിന്റെ സ്റ്റ്യുഡിയോയായ ബോധിയിലേക്കു പാടുവാൻ ചെല്ലാൻ തീരുമാനിച്ചു. അന്നു പാടിയ ആ പാട്ടാണു സിനിമയിൽ ട്രാക്ക് ആയത്.  പിന്നണി ഗായികയെന്ന ബാനർ കിട്ടിയത് അഭിനയിക്കുവാൻ കഴിഞ്ഞതിനേക്കാൾ സന്തോഷം നൽകി.അപർണ പറഞ്ഞു.

അപർണയുടെ അച്ഛനും അമ്മയും സംഗീതാധ്യാപകരാണ്. അതുപോലെ അച്ഛന്റെ അമ്മയും സഹോദരിമാരുമൊക്കെ പാട്ടുകാരാണ്. അച്ഛന്റെ അമ്മാവനാണു ഗായകൻ ഉദയഭാനു. അതുകൊണ്ടു തന്നെ വീട്ടിലും ചിത്രത്തിൽ എനിക്കു പാടുവാൻ കഴിഞ്ഞതോർത്തായിരുന്നു ഏറെ സന്തോഷം. അപർണ പറഞ്ഞു.