സൽമാനോട് മാപ്പപേക്ഷിച്ച് അരിജിത് സിങ്

സൽമാൻ ഖാന് പിന്നാലെയാണ് ഗായകൻ അരിജിത് സിങ്. എന്തിനാണന്നല്ലേ , മാപ്പു പറയുവാൻ. ഏറ്റവുമൊടുവിൽ ഫേസ്ബുക്കിൽ മാപ്പപേക്ഷിച്ചു കൊണ്ടുള്ള തുറന്ന കത്തിടേണ്ടി വന്നു അരിജിതിന് ഏറെ പ്രതീക്ഷയുള്ള സൽമാൻ ചിത്രം സുൽത്താലിൽ ഒരു കിടിലം പാട്ടു പാടിയതിന്റെ സന്തോഷത്തിലിരിക്കേണ്ട സമയത്താണ് അരിജിത് സിങ് ഈ പെടാപ്പാട് പെടുന്നത്.

ബോളിവുഡിലെ പുത്തൻ നിരയിലെ ഏറ്റവും പ്രണയാർദ്രമായ ശബ്ദത്തിനുടമയാണ് അരിജിത് സിങ്. തും ഹി ഹോ എന്ന ഹിറ്റുൾപ്പെട്ട ഗാനങ്ങളും തകർപ്പൻ സ്റ്റേജ് ഷോകളുമായി സംഗീത ലോകത്ത് നിറഞ്ഞു നിൽക്കുന്ന ഗായകൻ സൽമാനോട് മാപ്പു പറയുന്നത് സുല്‍ത്താനിൽ നിന്ന് അദ്ദേഹം പാടിയ ഗാനം ഒഴിവാക്കാതിരിക്കുവാനാണ്. ഒരു പരിപാടിക്കിടെ അരിജിത് സൽമാനെ അപമാനിച്ചുവെന്നാണ് വാർത്ത. ഈ സംഭവത്തിന്റെ കൃത്യമായ വിവരങ്ങളൊന്നുമില്ല. സൽമാൻ ആകെ ദേഷ്യത്തിലാണെന്നും പാട്ട് ചിത്രത്തിൽ നിന്നൊഴിവാക്കാനുള്ള സാധ്യതയുണ്ടെന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അരിജിതിന്റെ പ്രതികരണം.

ഞാനൊരിക്കലും താങ്കളെ അപമാനിച്ചിട്ടില്ല. ഇങ്ങനെ പൊതുയിടത്തിൽ മാപ്പപേക്ഷിക്കുന്നതിൽ എനിക്കൊരു മടിയുമില്ല. എന്റെ പാട്ട് ചിത്രത്തിൽ നിന്ന് ഒഴിവാക്കരുതെന്ന് മാത്രമാണ് അഭ്യർഥിക്കുന്നത്. വേറെ ആരെക്കൊണ്ടു വേണമെങ്കിലും താങ്കൾക്ക് പാടിക്കാം. പക്ഷേ സല്‍മാനായി ഞാൻ പാടിയ പാട്ടൊരെണ്ണം ശേഖരത്തിൽ സൂക്ഷിക്കാൻ വലിയ ആഗ്രഹമുണ്ട്. എന്റെ പാട്ട് ഒരു വേര്‍ഷനായിട്ടെങ്കിലും ചിത്രത്തിൽ സൂക്ഷിക്കണമെന്ന് അഭ്യർഥിക്കുന്നു. അരിജിതിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു. ഇങ്ങനെയൊരു കത്തെഴുതിയാലുണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ട്. എന്നിട്ടും എന്തിനാണിതെഴുതുന്നതെന്ന് എനിക്കറിയില്ല. താങ്കൾക്കിതൊന്നും ശ്രദ്ധിക്കേണ്ട കാര്യമില്ലെന്നും എനിക്കറിയാം. എന്തുതന്നെ സംഭവിച്ചാലും എന്നും ഭായിജാനിന്റെ ഫാൻ ആയിരിക്കും.

സൽമാനെത്തിയ വിവിധയിടങ്ങളിൽ, നിതാ അംബാനിയുടെ വീട്ടിലുൾപ്പെടെ, അരിജിതും എത്തിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് തന്റെ ഭാഗം വിശദീകരിക്കുവാൻ. എന്നിട്ടും സല്‍മാനെ കാണാനാകാതെ വന്നതോടെയാണ് ഫേസ്ബുക്കില്‍ തുറന്ന കത്ത് പോസ്റ്റ് ചെയ്തത്. സൽമാൻ ഇത് കണ്ട് കാണുമെന്ന പ്രതീക്ഷയിൽ ഒരു മണിക്കൂർ കഴിഞ്ഞ് അരിജിത് തന്നെ പോസ്റ്റ് പിന്‍വലിച്ചിരുന്നു. കാര്യങ്ങളെല്ലാം തനിക്കെതിരാകുമെന്ന് അറിയാം, എല്ലാവരും തനിക്കു വേണ്ടി പ്രാർഥിക്കണം എന്നും കുറിച്ചിരുന്നു.

ബജ്റംഗി ഭായിജാനും പ്രേം രത്തൻ ധൻ പായോയ്ക്കും ശേഷം സൽമാൻ ചരിത്രം കുറിക്കാനൊരുങ്ങുന്ന ചിത്രമാണ് സുൽത്താൻ. അതിലെ എല്ലാ പാട്ടുകളും ശ്രദ്ധ നേടിയിരുന്നു. അതിനിടയിലാണ് ഈ വിവാദവും. സത്യത്തിൽ അരിജിതിൽ നിന്ന് ഇത്തരമൊരു നടപടി ആരും പ്രതീക്ഷിച്ചിരുന്നതല്ല. ഈ വിഷയത്തിൽ സൽമാന്റെ നിലപാടിനെ കുറിച്ചും വ്യക്തമല്ല.