അരിസ്റ്റോ സുരേഷിന് പാസ്പോർട്ടായി: മുത്തേ പൊന്നേ പാടി അബുദാബിയിലേക്ക്

മുത്തേ പൊന്നേ പാടി മലയാളികളുടെ ഹ്യദയത്തിൽ ഇടം നേടിയ അരിസ്റ്റോ സുരേഷിന് പാസ്പോർട്ടായി. പാസ്പോർട്ടുമായി തന്റെ കന്നി യാത്ര സുരേഷ് ഇന്ന് പുറപ്പെടും. ഒപ്പം ആക്ഷൻ ഹീറോ ബിജുവിലെ പ്രവർത്തകരും ഉണ്ടാകും. അബുദാബിയിലേക്കാണ് സുരേഷിന്റെ ആദ്യ പറക്കൽ . ഇന്ന് വെളുപ്പിന് കൊച്ചിയിൽ നിന്നുള്ള വിമാനത്തിലാണ് സുരേഷിന്റെ അബുദാബി യാത്ര.

ആക്ഷൻ ഹീറോ ബിജുവിന്റെ സംവിധായകൻ എബ്രിഡ് ഷൈൻ, നിവിൻപോളി, സുരാജ് വെഞ്ഞാറമൂട്, കലാഭവൻ പ്രജോദ് എന്നിവർ സംഘത്തിലുണ്ടാകും. രണ്ട് ദിവസം സിനിമയുടെ പ്രമോഷൻ പരിപാടികളുമായി സുരേഷ് അബുദാബിയിൽ ഉണ്ടാകും. ആക്ഷൻ ഹീറോ ബിജുവിലൂടെ സുരേഷിനെ‌ താരവും പാട്ടുകാരനുമാക്കി മാറ്റിയ എബ്രിഡ് ഷൈനിന്റെയും നിവിൻപോളിയുടെയും താൽപര്യംകൂടി കണക്കിലെടുത്താണ് ഇദ്ദേഹം പാസ്പോർട്ട് എടുത്തത്. സിനിമയുടെ പരിപാടികൾക്കായി വിദേശങ്ങളിൽ പോകണമെന്നും അതിനായി പാസ്പോർട്ട് എടുക്കണമെന്നും ഇരുവരും സുരേഷിനോട് പറഞ്ഞിരുന്നു. ഒരു മാസം മുൻപ് അപേക്ഷ നൽകിയ പാസ് പോർട്ട് തിങ്കളാഴ്ച്ചയാണ് കൈയ്യിൽ കിട്ടിയത്. തന്റെ കന്നി വിദേശ യാത്ര അടിപൊളിയാക്കാനാണ് സുരേഷിന്റെ തീരുമാനം