ഓസ്കർ വേദിയെ വികാരാധീനമാക്കി, ഗാഗയുടെ ഏറ്റവും ശക്തമായ പ്രകടനം

ലോക സംഗീതത്തിന്റെ തുടിക്കൊട്ടുയരുന്നിടങ്ങളിലെല്ലാം ലേഡീ ഗാഗയുടെ സാന്നിധ്യമുണ്ടാകും. ഇത്തവണത്തെ ഓസ്കറിലും അതിന് മാറ്റമുണ്ടായില്ല. പക്ഷേ അതിന് പ്രത്യേകതകൾ ഏറെയായിരുന്നു. ലൈംഗികാതിക്രമത്തിന് ഇരയായവർക്കൊപ്പം വേദി പങ്കിട്ടുകൊണ്ടാണ് ഗാഗ പാടിത്തുടങ്ങിയത്.

യുഎസ് വൈസ് പ്രസിഡന്റ് ജോ ബിഡെൻ ആണ് ലേഡീ ഗാഗയെ വേദിയിലേക്ക് പരിപാടി അവതരിപ്പിക്കുവാനായി ക്ഷണിച്ചതെന്നതാണ് മറ്റൊരു പ്രത്യേകത. റ്റിൽ ഇറ്റ് ഹാപ്പെൻസ് റ്റു യൂ എന്ന പാട്ടിനെ വികാരാധീനയായാണ് ഗാഗ പാടിയത്. ഗാഗയുടെ ജീവിതത്തിലെ ഏറ്റവും നല്ല സ്റ്റേജ് പ്രകടനങ്ങളിലൊന്നാണ് ഇതെന്നാണ് ആരാധക പക്ഷം വിലയിരുത്തുന്നതും. ലൈംഗിക പീഡനത്തിനിരയാവർക്ക് സമർപ്പിച്ചുകൊണ്ടാണ് ഗാഗ പാടിയ പാട്ട് സമൂഹത്തിന് നൽകുന്ന സന്ദേശം ചെറുതല്ല.

ഇന്നേവരെ ലോകം കണ്ടതിൽ വച്ച് ഏറ്റവും ശക്തമായ അവതരണമാണ് ലേഡി ഗാഗ പുറത്തെടുത്തത്. പാട്ടിന്റെ ലോകത്ത് ലേഡി ഗാഗയുടെ സ്വാധീനത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് തെളിഞ്ഞു ഓസ്കർ രാവ്. അതു മാത്രമോ ചുവപ്പൻ പരവതാനിയിലേക്ക് ഗാഗയുടെ കടന്നുവരവ് തന്നെ തകർപ്പനായിരുന്നു . തൂവെള്ള ഓഫ് ഷോൾഡർ ഗൗണണിഞ്ഞ് ഒരു വെള്ളരി പ്രാവിനെ പോലെ. പിന്നാലെ പ്രിയതമൻ ടെയ്‌ലർ കിന്നിയ്ക്കൊരു സ്നേഹ ചുംബനവും കൈമാറി ഗാഗ. ഓസ്കർ ഗാലറിയിലേക്ക് ഗാഗയുടെ വക ഒരു സുന്ദരൻ സ്നാപും. നല്ലപാതിയുടെ പിന്തുണ ജീവിതത്തിനെത്രയേറെ കരുതൽ നൽകുന്നുവെന്ന സന്ദേശവും, ജീർണതകളെ വകഞ്ഞുമാറ്റി ശക്തമായി മുന്നേറാൻ സമൂഹത്തിന് ഊർജം നൽകാൻ കലയ്ക്ക് എത്രത്തോളം സാധിക്കുമെന്നതിന്റെ തെളിവും കൂടിയായി ഗാഗയുടെ പ്രകടനം.