ഈദ് സ്പെഷ്യൽ പാട്ടുമായി ബജ്രംഗി ബായിജാൻ

റംസാൻ മാസം ആചരിക്കുന്ന സൽമാൻ ആരാധകർക്കായി ബജ്രംഗി ബായിജാൻ ടീം ഈദ് സ്പെഷ്യൽ ഗാനവുമായി എത്തുന്നു. ബജ്രംഗി ബായിജാന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ചിത്രത്തിലെ ഈദ് പ്രത്യേക ഗാനത്തെക്കുറിച്ച് ആരാധകരെ അറിയിച്ചിരിക്കുന്നത്. ആജ് കി പാർട്ടി എന്ന ഗാനത്തിനായി കാത്തിരിക്കാനും ആരാധകരോട് നിർമ്മാതാക്കൾ ട്വീറ്റിലൂടെ അറിയിച്ചിട്ടുണ്ട്. പ്രീതത്തിന്റെ സംഗീതത്തിൽ മിഖ സിങ്ങായിരിക്കും ഗാനം ആലപിക്കുക.

ചിത്രത്തിലെ ബർദോ ജോളി എന്ന ഗാനവും, സെൽഫി ലേ എന്ന ഗാനവും തു ചാഹിയേ എന്ന ഗാനവും നേരത്തെ പുറത്തിറങ്ങിയിരുന്നു. വിശാൽ ദഡ്ലാനി, നകാഷ് അസീസ്, പ്രീതം തുടങ്ങിയവർ ചേർന്ന് പാടിയിരിക്കുന്ന സെൽഫി ലേ എന്ന ഗാനം ഇതുവരെ 41 ലക്ഷം ആളുകളും തു ചാഹിയേ എന്ന ഗാനം ഇതുവരെ 8 ലക്ഷം ആളുകളും ബർദോ ജോളി എന്ന ഗാനം 15 ലക്ഷം ആളുകളുമാണ് യുട്യൂബിലൂടെ മാത്രം കണ്ടിരിക്കുന്നത്.

കാബൂൾ എക്സ്പ്രസ്, ന്യൂയോർക്ക്, എക് ദാ ടൈഗർ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ കബീർ ഖാൻ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ബജ്രംഗി ബായിജാൻ. കബീർ ഖാൻ, വി വജേന്ദ്ര പ്രസാദ്, പർവേസ് ഷെയ്ക്ക്, ആസാദ് ഹുസൈൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിൽ സൽമാൻ ഖാനെ കൂടാതെ കരീന കപൂർ ഖാൻ, നസ്റുദീൻ സിദ്ദിഖി, നജീം ഖാൻ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഇന്ത്യയിൽ അകപ്പെട്ടുപോകുന്ന പാക്കിസ്ഥാൻ സ്വദേശിയായ കുട്ടിയെ നാട്ടിലെത്തിക്കാൻ സൽമാൻ നായകനാവുന്ന കഥാപാത്രം നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. റോക്ക്ലൈൻ എന്റർടൈൻമെന്റ്സ്, സൽമാൻ ഖാൻ ഫിലിംസ് എന്നിവരുടെ ബാനറിൽ സൽമാൻ ഖാനും റോക് ലൈൻ വെങ്കിടേഷും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ജൂലൈയിൽ തിയേറ്ററിലെത്തും.