ഓർമകളിലെ അലിയും മൈക്കിൾ ജാക്സണും

ചിത്രശലഭത്തെപ്പോലെ പാറിനടന്ന്, തേനീച്ചയെപ്പോലെ കുത്തുന്ന മുഹമ്മദ് അലി. ഇതിഹാസ തുല്യമായ ആ ജീവിതത്തെക്കുറിച്ചെഴുതിയപ്പോഴെല്ലാം ലോകം ഈ വാക്യം‌ കടമെടുത്തു. അദ്ദേഹം കടന്നുപോയപ്പോഴും അതിനു മാറ്റമില്ല. അലി തന്നെയാണ് തന്നെക്കുറിച്ച്, തന്റെ കളിയെക്കുറിച്ച് ഇങ്ങനെ പറഞ്ഞത്.  റിങ്ങിലെ അലിയുടെ ശരീരഭാഷ ഒരു സാധാരണ  ബോക്സിങ് താരത്തിന്റേതായിരുന്നില്ല. റിങ്ങിൽ പറന്നുനിന്ന്, പൊടുന്നനെ എതിരാളിയുടെ മുഖത്തു വീഴുന്ന പഞ്ചുകളെ ഇതിലും സുന്ദരമായി പറയുന്നതെങ്ങനെ?. ഇതെങ്ങനെ സാധിക്കുന്നുവെന്ന ചോദ്യത്തിന് പലവട്ടം ഉത്തരം പറഞ്ഞിട്ടുണ്ട് അലി. അതിലൊരെണ്ണം സംഗീത ചക്രവർത്തി മൈക്കിൾ ജാക്സണോടായിരുന്നു.

1970കളിലായിരുന്നു അത്. മൈക്കിൾ ജാക്സണും സഹോദരൻമാരും ചേർന്ന സംഗീത സംഘം, ജാക്സൺ 5, ടെലിവിഷനിൽ കത്തി നിൽക്കുന്ന കാലം. ഒരു ദിവസം പരിപാടിയിലേക്ക് അതിഥിയായി എത്തിയത് മുഹമ്മദ് അലിയായിരുന്നു. പാട്ടും നൃത്തവും കൊണ്ടു മാത്രമല്ല വർത്തമാനത്തിലൂടെയും ചോദ്യങ്ങളിലൂടെയും ഒരു ചെറിയ ബോക്സിങ് പ്രകടനത്തിലൂടെയും അലിക്കു മുന്നിൽ ജാക്സൺ‌ നിറഞ്ഞാടി. വിരമിച്ചു കഴിഞ്ഞാൽ എന്തു ചെയ്യാനാണ് പദ്ധതി എന്നായിരുന്നു അലിയോട് ജാക്സന്റെ ആദ്യ ചോദ്യം. അലിയുടെ മറുപടി ഇങ്ങനെയായിരുന്നു:  ‘എന്നന്നേക്കുമായി റിങ്ങിൽനിന്ന് പുറത്താകുകയാണെങ്കിൽ ഞാന്‍ നിങ്ങൾക്കൊപ്പം കൂടാം... അപ്പോൾ നമ്മൾ ജാക്സൺ 6 ആകും.’ 

അലിയുമായി കുറച്ചുനേരം തമാശയ്ക്ക് ഇടികൂടിയ ശേഷം പൊടുന്നനെ ജാക്സന്റെ അടുത്ത ചോദ്യമെത്തി: ചിത്രശലഭത്തെ പോലെ പാറിനടന്ന്, തേനീച്ചയെപ്പോലെ കുത്തുവാൻ എനിക്കുമാവുമോ?. വിസ്മയിപ്പിക്കുന്ന, സുന്ദരമായ ഉത്തരമായിരുന്നു അലിയുടേത്: ‘പ്രിയപ്പെട്ട മൈക്കിൾ, ഒരു പൂമ്പാറ്റ നിങ്ങളിലുമുണ്ടല്ലോ. നിങ്ങളുടെ പാട്ട് മധുരവുമാണ്. പക്ഷെ മറ്റുള്ളവരെ കുത്തുംമുമ്പ് അൽപ്പം മാംസവും ധാന്യക്കുറുക്കും കഴിച്ച് ശരീരം മിനുക്കേണ്ടതുണ്ട്.’

അനുപമമായ നൃത്തവും അതിനൊപ്പം താളം നെല്ലിട തെറ്റാതെയുള്ള പാട്ടുമായി ലോകത്തെ വിസ്മയിപ്പിച്ചു, ജാക്സൺ. ബോക്സിങ് റിങ്ങിലെ എക്കാലത്തേയും ഇതിഹാസമായിരുന്നു അലി.  ഇരുവരും ജീവിതത്തിന്റെ അരങ്ങൊഴിഞ്ഞുപോയിരിക്കുന്നു. എങ്കിലും ചിറകുകളിൽ ഓർമകൾ ചിത്രപ്പെട്ട ചില ശലഭങ്ങൾ ചിലനേരം നമ്മെ ചുറ്റിപ്പറക്കാറുണ്ടല്ലോ. സ്വപ്നങ്ങളുടെ തേൻകൂടുകളെപ്പറ്റി പാടിക്കൊണ്ട്.