നല്ല പാട്ടുകളുമായി പുതിയ ചിത്രങ്ങൾ

പുതിയ ചിത്രങ്ങളും പാട്ടുകളും വീണ്ടും നമ്മുടെ നിമിഷങ്ങൾക്കു രസംപകരുവാൻ എത്തിക്കഴിഞ്ഞു. ഈണങ്ങൾക്കു മാന്ത്രിക സ്പർശം നൽകി റഹ്മാനൊരുക്കിയതുപ്പെടെ പാട്ടിഷ്ടങ്ങളിലേക്കു ചേക്കേറിക്കഴിഞ്ഞു ഒരുപാടു ഗാനങ്ങൾ. ഇനിയെന്നെന്നും പാട്ടു പെട്ടിയിൽ സൂക്ഷിച്ചു വയ്ക്കാം അവയെ. കേൾക്കാം ആ ഗാനങ്ങളെ.

തൂ ഹെ

നമ്മള്‍ ഇടയ്ക്കിടെ പറയാറില്ലേ റഹ്മാനിൽ നിന്ന് കേൾക്കുവാൻ കൊതിക്കുന്ന ഗാനങ്ങളെ കുറിച്ച്. മോഹൻജൊദാരോ എത്തിയത് അങ്ങനെയുള്ള കുറേ പാട്ടുകളുമായിട്ടാണ്. തൂ ഹെ അതിലൊന്നു മാത്രം. ബോളിവുഡിന്റെ പ്രിയ കവി ജാവേദ് അക്തർ കുറിച്ച വരികളാണിത്. റഹ്മാനും സന മൊയ്തൂട്ടിയും ചേർന്നാലപിച്ച പാട്ട്. പതിയെ മൂളുന്ന ഓർക്കസ്ട്രയിൽ റഹ്മാനും സനയും ചേർന്നാലപിച്ച മെലഡി മനസു തൊടുന്നു ഇന്ത്യയുടെ. 

കേൾക്കാൻ കൊതിച്ച റഹ്മാൻ പാട്ടുകളുമായി മോഹൻജൊ ദാരോ

സ്വർഗം വിടരും

ആടുപുലിയാട്ടത്തിനു ശേഷം നല്ല പാട്ടുകളുമായി രതീഷ് വേഗയെത്തിയ ചിത്രമാണു മരുഭൂമിയിലെ ആന. വിജയ് യേശുദാസ് ആലപിച്ച സ്വർഗം വിടരും എന്ന ഗാനമാണു മലയാളമിപ്പോൾ കണ്ടും ആഘോഷിക്കുന്ന പുതിയ ഗാനം. ബിജു മേനോൻ അറിബിക്കാരന്റെ വേഷത്തിലെത്തുന്ന രംഗങ്ങൾ നമ്മെ കുടുകുടെ ചിരിപ്പിക്കും. അതിനോടൊപ്പമാണു വിജയ്‍യുടെ ആലാപനത്താൽ മനോഹരമായ ഗാനവും. ബി.കെ.ഹരിനാരായണനാണു പാട്ടിനു വരികൾ കുറിച്ചത്. രണ്ടു ദിവസം കൊണ്ടു ഒരു ലക്ഷത്തിലധികം പ്രാവശ്യമാണു യുട്യൂബ് വഴി ഈ പാട്ടു പ്രേക്ഷകർ വീക്ഷിച്ചത്. 

തരികിട പരിപാടികളുമായി ബിജു മേനോൻ

ജാനേമൻ ആ

പരനീതി വരുൺ ധവാനോടൊപ്പം പാടിയാടിയ ഗാനമാണിത്. ജാനേമൻ ആ എന്ന ഐറ്റം സോങ്. കറുപ്പു വസ്ത്രത്തിന്റെ അഴകിൽ പരിനീതി വരുണിനൊപ്പം നൃത്തമാടിയ ഗാനം. മയൂർ പുരിയുടെ വരികൾക്കു പ്രിതം ആണു സംഗീതം പകർന്നത്. അന്തരാ മിത്രയും അമാൻ ത്രിഖയും ചേർന്നാലപിച്ച ചടുലഗാനം. 

കറുപ്പഴകിൽ ഹോട്ട് ലുക്കിൽ പരിനീതി

തേരേ സങ് യാരാ

അതിഫ് അസ്‍ലം പാടിയ മെലഡി പാട്ട് റസ്തം എന്ന ചിത്രത്തിലേതാണ്. പ്രണയാർദ്രമായ ഈ ഗാനം തന്നെയാണ് ചിത്രത്തിലെ ഏറ്റവും മനോഹരമായ ഗാനം. വ്യത്യസ്തമായ എന്തെങ്കിലും പാട്ടിലുണ്ടെന്നു പറയാനാകില്ല. പക്ഷേ അതിഫ് അസ്ലമിന്റെ ആലാപനം എത്ര കേട്ടാലും മതിവരാത്തൊരു ഗാനമായി ഇതിനെ മാറ്റി.

നേട്ര് വിട്ട നേരിൽ

അടുത്തിടെയിറങ്ങിയ തമിഴ് ചലച്ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ചിത്രമാണു സമുദ്രക്കനി സംവിധാനം ചെയ്ത അപ്പ. ഇളയരാജ എഴുതി ഈണമിട്ട ഒരു ഗാനമുണ്ടിതിൽ. നേട്ര് വിട്ട നേരിൽ എന്ന പാട്ടു വരികൾ കൊണ്ടും ഈണം കൊണ്ടും ലളിത സുന്ദരം. ഇളയരാജ ഗീതങ്ങളിൽ കാണുന്ന താളാത്മകമായ അന്തരീക്ഷം ഈ ഗീതത്തിലുമുണ്ട്.