ഗായകൻ പി ജയചന്ദ്രൻ ഗായിക മധുശ്രീ നാരായണൻ

ചലച്ചിത്രത്തിലെ സംഗീത സംഭാവനകൾ‌ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച ഗായകനായി പി ജയചന്ദ്രനും ഗായികയായി മധുശ്രീ നാരായണനുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. സംഗീത സംവിധാനത്തിന് രമേശ് നാരായണനും പശ്ചാത്തല സംഗീതത്തിന് ബിജിബാലും ഗാനരചനയ്ക്ക് റഫീഖ് അഹമ്മദുമാണ് പുരസ്കാരത്തിന് അർഹരായത്.

മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രനെ തേടിയെത്തുന്ന അഞ്ചാമത്തെ ചലച്ചിത്ര പുരസ്കാരമാണിത്. എന്നും എപ്പോഴും എന്ന ചിത്രത്തിലെ മലർവാക്കൊമ്പത്ത്, എന്നു നിന്റെ മൊയ്തീനിലെ ശാരദാംബരം ചാരുചന്ദ്രിക, ജിലേബിയിലെ ഞാനൊരു മലയാളി എന്നീ ഗാനങ്ങൾക്കാണ് മലയാളത്തിന്റെ പ്രിയ ഗായകനെ മികച്ച ഗായകനാക്കിയത്.

രമേശ് നാരായണനും മകളും പുരസ്കാരം പങ്കിട്ടുവെന്നതും ഇതിന്റെ പ്രത്യേകതയാണ്. പതിനഞ്ചുകാരിയായ മധുശ്രീയെ തേടിയെത്തുന്ന ആദ്യ പുരസ്കാരമാണിത്. സംഗീത സംവിധായകൻ രമേശ് നാരായണന്റെ മകളാണ്. ഇടവപ്പാതിയെന്ന ചിത്രത്തിലെ പശ്യതി ദിശി ദിശി എന്ന ഗാനത്തിനാണ് മധുശ്രീക്ക് കന്നി പുരസ്കാരം. അച്ഛൻ തന്നെയാണ് ഇതിൽ ഈണമിട്ടതും. ഇടവപ്പാതി, എന്നു നിന്റെ മൊയ്തീൻ എന്നീ ചിത്രങ്ങൾക്കാണ് രമേശ് നാരായണൻ പുരസ്കാരം നേടിയത്.

മലയാള ചലച്ചിത്രത്തിന് നഷ്ടപ്പെട്ടുപോയ പദസമ്പത്തും കവിഭാവനയും റഫീഖ് അഹമ്മദിലൂടെയാണ് തിരിച്ചു കിട്ടിയത്. സംസ്ഥാന പുരസ്കാരം മികച്ച രചയിതാവിന്റെ കൈകളിലേക്ക് തന്നെയാണ് എത്തിയിരിക്കുന്നത്. ഗർഷോമിലെ പറയാൻ മറന്ന പരിഭവങ്ങൾ എന്ന ഗാനത്തിലൂടെ മലയാളത്തിലേക്കെത്തി. പക്ഷേ ഒരിക്കൽ പോലും അദ്ദേഹം കുറിച്ച ഒരു വരിയെ കുറിച്ച് പോലും നമുക്ക് പരിഭവിക്കേണ്ടി വന്നിട്ടില്ല. പ്രണയകാലം(2007), സൂഫി പറഞ്ഞ കഥ(2009), സദ്ഗമയ(2010),സ്പിരിറ്റ്(2012) എന്നീ ചിത്രങ്ങളിലാണ് റഫീഖ് അഹമ്മദിന്റെ ഗാനങ്ങളാണ് റഫീഖ് അഹമ്മദിന്റെ കൈകളിലേക്ക് ഈ പുരസ്കാരത്തെ മുൻ കാലങ്ങളിലെത്തിച്ചത്.

പശ്ചാത്തല സംഗീതത്തിന് തുടർച്ചയായ നാലാം പ്രാവശ്യമാണ് ബിജിബാൽ സംസ്ഥാന അവാർഡ് നേടുന്നത്. നീ-ന, പത്തേമാരി എന്നീ ചീത്രങ്ങൾക്ക് പിന്നണിയിൽ സംഗീതമൊരുക്കിയതിനാണ് പുരസ്കാരം.

അമർ അക്ബർ അന്തോണിയിലെ എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്തെന്ന ഗാനം പാടിയതിന് ശ്രേയാ ജയദീപെന്ന കുഞ്ഞു ഗായികയ്ക്കും ജൂറി പരാമർശമുണ്ട്.