റഹ്മാൻ ഗീതങ്ങള്‍ കൊണ്ടൊരു അമ്മത്താരാട്ട്, വൈറലായി വിഡിയോ

തിരക്കേറിയ പ്രൊഫഷനൊപ്പം കലാജീവിതവും ഒപ്പം കൊണ്ടുപോകുന്ന ചിലർ നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. ഡോ.ബിനീത എന്ന പാട്ടുകാരിയും അവരിലൊരാളാണ്. കുറച്ച് വർഷങ്ങൾക്കു മുൻപ് ഒരു പ്രമുഖ ചാനലിന്റെ റിയാലിറ്റി ഷോയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ബിനീതയെ മലയാളികൾ ആദ്യമായി കാണുന്നത്. മെലഡികൾക്ക് ചേർന്ന മനോഹരമായ സ്വരമാധുരിയാണ് ബിനീതയ്ക്ക്. ആരാധകരും ഏറെ. ഡോക്ടറായി സേവനമനുഷ്ഠിക്കുന്നതിനോടൊപ്പം പാട്ടുകാരിയായും ശ്രദ്ധ നേടുന്ന ബിനീതയുടെ ഒരു ഗാനം ഫേസ്ബുക്കിൽ വൈറലാണിപ്പോൾ.

റഹ്മാൻ ഗാനങ്ങൾ ചേർത്തു വച്ച ഗാനം സ്ത്രീത്വത്തെക്കുറിച്ചാണ് പറയുന്നത്. എഴുപതിനായിരത്തോളം പ്രാവശ്യമാണ് ഫേസ്ബുക്കിലൂടെ ഈ വിഡിയോ ആളുകൾ കണ്ടത്. തൊള്ളായിരത്തോളം ഷെയറുകളും ഈ പാട്ടിന് കിട്ടി. ലോകത്തിലെ എല്ലാ സ്ത്രീകൾക്കുമായി സമർപ്പിച്ചിരിക്കുകയാണ് വിഡിയോ. വിവാഹം ഒരു സ്ത്രീയുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും വരുത്തുന്ന മാറ്റത്തെക്കുറിച്ചുമാണ് ഈ ഗാനം. എന്തായാലും ബിനീതയുടെ ശബ്ദവും ഹൃദ്യമായ ഓർക്കസ്ട്രയും പാട്ടു പ്രേമികൾക്ക് പെരുത്തിഷ്ടമായി. എ ആർ രഞ്ജിത് സംവിധാനം ചെയ്ത വിഡിയോയുടെ നിർമാതാവ് ബിനോയ് ശശിധരനാണ്.