പാട്ടും പാടി നൊബേൽ സ്വന്തമാക്കി ബോബ് ഡിലൻ

സ്റ്റോക്കോം ∙ തലമുറകളുടെ സംഗീത സ്വപ്നമായി ഒഴുകിപ്പടർന്ന ബോബ് ഡിലന് സാഹിത്യ നൊബേൽ പുരസ്കാരം. ഒരു സംഗീതജ്ഞന് ഏറ്റവും പ്രശസ്തമായ സാഹിത്യപുരസ്കാരം നൽകി നൊബേൽ കമ്മിറ്റി ലോകത്തിനു സമ്മാനിച്ചത് മധുരമുള്ള ഞെട്ടൽ. 

ഡിലന്റെ പേര് പരിഗണിക്കുന്ന കാര്യത്തിൽ വിധിനിർണയ സമിതി ഒറ്റക്കെട്ടായിരുന്നു. ആറരക്കോടി രൂപയോളമാണു സമ്മാനത്തുക. സമകാലിക സംഗീത ലോകത്ത് ഏറ്റവും സ്വാധീനമുണ്ടാക്കിയ ബോബ് ഡിലൻ (75) സംഗീതത്തിന്റെ മറുവാക്കായെന്നും ജീവിക്കുന്ന കവിതാ ഇതിഹാസമാണെന്നും പുസ്കാര കമ്മിറ്റി വിലയിരുത്തി. 

ആദ്യമായാണ് ഒരു കവിയെന്നതിനെക്കാൾ ഗായകനായി അറിയപ്പെടുന്നയാൾ നൊബേൽ സാഹിത്യ പുരസ്കാരം നേടുന്നത്. അമേരിക്കയുടെ സംഗീത പാരമ്പര്യത്തെ സ്വന്തം കാവ്യവഴികളാൽ ത്രസിപ്പിച്ചയാളാണു ബോബ് ഡിലൻ. പാട്ടിനുള്ളിൽ സ്വാതന്ത്ര്യത്തിന്റെയും എതിർപ്പിന്റെയും വിപ്ലവത്തിന്റെയും ജ്വാലകളെ ഒളിപ്പിച്ചതായിരുന്നു ആ വരികൾ. 

അരനൂറ്റാണ്ടിലേറെ കാലമായി ഡിലൻ പാട്ടുകൾ രചിക്കുന്നു. പല വരികളും തലമുറകൾ കടന്നും യുവാക്കളെ സ്വാധീനിച്ചു. 1962ൽ എഴുതിയ ബ്ലോവിങ് ഇൻ ദ് വിൻഡ് എക്കാലത്തെയും മികച്ച ഗാനമായി കരുതപ്പെടുന്നു. വിയറ്റ്നാം യുദ്ധകാലത്തും മറ്റും പല പൗരാവകാശ പ്രക്ഷോഭങ്ങളെയും നയിച്ചതു ഡിലന്റെ വരികളാണ്.

പൗരാവകാശ പ്രസ്ഥാനങ്ങൾ ദേശീയ ഗാനമായി കരുതുന്ന ബ്ലോവിങ് ഇൻ ദ് വിൻഡ് കേരളത്തിൽ പത്താം ക്ലാസ് ഇംഗ്ലിഷ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പതിനൊന്ന് ഗ്രാമി അവാർഡുകളും ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരവും നേടിയിട്ടുള്ള ബോബ് ഡിലന് 2001ൽ ഓസ്കർ ലഭിച്ചു. ഇതിനു മുൻപ് സാഹിത്യത്തിൽ നൊബേലും ഓസ്കറും കിട്ടിയിട്ടുള്ളത് ജോർജ് ബർണാഡ് ഷായ്ക്കാണ്.