ഗുരുവിന്റെ ഒാർമകളിൽ ഗാനഗന്ധർവൻ

ഗുരുനാഥനായ ചെമ്പൈയെക്കുറിച്ചുള്ള ദൃശ്യരേഖ ഗാനഗന്ധർവനെ വികാരാധിനനാക്കി. ഓർമകളുടെ തിരതള്ളൽ വാക്കുകൾ മുറിഞ്ഞു. പ്രശസ്ത സംഗീതജ്ഞനായ ചെമ്പൈ വൈദ്യനാഥഭാഗവതരെക്കുറിച്ചു തിരുവനന്തപുരം സ്വദേശിയും ചലച്ചിത്ര ഡോക്യുമെന്ററി പ്രവർത്തകയുമായ സൗമ്യ സദാനന്ദൻ സംവിധാനം ചെയ്ത ‘ ചെമ്പൈ’ എന്ന ഡോക്യുമെന്ററി കാണുകയായിരുന്നു ശിഷ്യനായ ഡോ. കെ ജെ യേശുദാസ്.

സൂര്യനൃത്തസംഗീതോത്സവത്തിനെത്തിയ യേശുദാസിനെ അദ്ദേഹം താമസിക്കുന്നയിടത്തെത്തി കാണിച്ച ഈ ഹ്രസ്വചിത്രത്തിന്റെ സ്ക്രീനിങ് നാളെ പൊതുജനങ്ങൾക്കായിട്ടുമുണ്ട്. കലാഭവനിൽ രാവിലെ എട്ടേമുക്കാലിന്, യഥാർഥത്തിൽ യേശുദാസിന്റെ കച്ചേരി കാണാനായുള്ള സൗമ്യയുടെ യാത്രയാണ് ഈ 35 മിനിറ്റു നീണ്ടു നിൽക്കുന്ന ഡോക്യുമെന്ററിയുടെ പിറവിക്കു വഴിയൊരുക്കിയത്.

പാലക്കാട്ട് ജില്ലയിലുള്ള ചെമ്പൈ ഗ്രാമത്തിൽ വച്ചു തന്നെയായിരുന്നു ആ കച്ചേരി. ‘‘ദാസ് സാർ എന്റെ ഏറ്റവും വലിയ ആരാധനാപാത്രമാണ്. അദ്ദേഹം എത്ര ആരാധിക്കുന്നയാളാണ് ചെമ്പൈ എന്നു മനസിലായപ്പോൾ അത് രേഖപ്പെടുത്തേണ്ടതാണ് എന്നു തോന്നി- സൗമ്യ പറഞ്ഞു. ഒരു സംഗീതജ്ഞൻ എന്നതിലുപരി ചെമ്പൈയുടെ രസികത്തവും മാനുഷികതയും ശിഷ്യരോടുള്ള വാത്സല്യവും എല്ലാം ആവിഷ്ക്കരിക്കാനാണ് ഇതിൽ ശ്രമിച്ചിട്ടുള്ളത്. സാധാരണക്കാർക്കും ഇഷ്ടപ്പെടുകയും മനസിലാക്കുകയും ചെയ്യുന്ന തരത്തിലായിരിക്കണം ചിത്രം എന്ന സമീപനമായിരുന്നു പിന്നിൽ പ്രവർത്തിച്ചവർക്ക്. അജയ് രാജിന്റെയാണ് ക്യാമറ. വിനുജനാർദ്ദനനും മനു ചന്ദ്രനും തിരക്കഥ തയാറാക്കി. സംഗീതം പി എസ് ജയഹരി. കൊച്ചിയിലും ചെമ്പൈയിൽ തന്നെയും രണ്ട് സ്ക്രീനിങ്ങുകൾ കഴിഞ്ഞാണ് നാളെ തലസ്ഥാനത്തേത്.