ചിമ്പുവിനെയും അനിരുദ്ധിനെയും അറസ്റ്റുചെയ്യും; ലുക്ക് ഔട്ട് നോട്ടിസിറക്കി

ബീപ് സോങ് വിവാദ കേസിൽ ചിമ്പുവിനെയും അനിരുദ്ധിനെയും അറസ്റ്റ് ചെയ്യാൻ നീക്കം. രാജ്യത്തെ പ്രധാന വിമാന താവളങ്ങളിൽ ഇരുവരുടെയും ചിത്രങ്ങളുള്ള ലുക്ക് ഔട്ട് നോട്ടിസ് നൽകിയിട്ടുണ്ട്. ചെന്നൈ പൊലീസിന്റെ സൈബർ ക്രൈം സെൽ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകി. താരം രാജ്യം വിട്ടു പോകാൻ സാധ്യതയുണ്ടെന്ന സൂചനയെ തുടർന്നാണിത്. ബീപ് സോങ് വിവാദത്തിൽ ചിമ്പുവിനെതിരെ പതിനൊന്ന് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സൈബർ പൊലീസ് വേറെയും.

ഉന്നതരുമായി ആലോചിച്ച ശേഷമാണ് ഇത്തരത്തിലൊരു നീക്കത്തിന് മുതിർന്നതെന്ന് ചെന്നൈ പൊലീസ് വ്യക്തമാക്കി. കുറച്ചു ദിവസം മുൻപ് ചിമ്പു ഹൈദരാബാദിലാണുള്ളതെന്ന് സൈബർ പൊലീസ് കണ്ടെത്തിയിരുന്നു. ഇപ്പോൾ എവിടെയാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. അതുപോലെ ബീപ് സോങിന്റെ ഐപി വിലാസം കണ്ടുപിടിക്കുന്നതിനായി യുട്യൂബ് അധികൃതരുടെ സഹായമഭ്യർഥിച്ചിട്ടുണ്ടെന്നനും പൊലീസ് വ്യക്തമാക്കി.

സ്ത്രീകളെ കുറിച്ചുള്ള അശ്ലീല പദങ്ങൾക്കു പകരം ബീപ് ശബ്ദം ചേർത്ത് പാട്ടെഴുതി പാടിയത് ചിമ്പുവാണ്. ഈണമിട്ടത് അനിരുദ്ധ് രവിചന്ദറും. ഇരുവർക്കുമെതിരെയാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇരുവരും പാട്ടിൻ മേലുള്ള ഉത്തരവാദിത്തത്തിൽ നിന്നും ഇപ്പോഴും ഒഴിഞ്ഞുമാറുകയാണ്. ചിമ്പു ചെയ്ത പാട്ടിൽ കൃത്രിമത്വം കാണിച്ച് മറ്റാരോ ആണ് യുട്യൂബിൽ അപ്‌ലോഡ് ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ പിതാവും നടനുമായ ടി രാജേന്ദജറിന്റെ വാദം. എന്തായാലും ചിമ്പുവിനും അനിരുദ്ധിനുമെതിരെ പ്രതിഷേധം ശക്തമാണ്. ചലച്ചിത്ര ഗാനനിരൂപകരും ഇരുവരും പാട്ടിൽ അശ്ലീലം കുത്തിനിറച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ചിമ്പു ഇതാദ്യമായല്ല ഇത്തരത്തിലുള്ള വിവാദങ്ങളിൽ ചെന്ന് ചാടുന്നത്. വല്ലവനെന്ന ചിത്രത്തിലെ പോസ്റ്ററിൽ നയൻതാരയുമായുള്ള ലിപ് ലോക്ക് ചിത്രം വൻവിവാദമായിരുന്നു. അന്നും ഇതുപോലെ വനിതാ സംഘടനകൾ ശക്തമായ പ്രതിഷേധം അറിയിച്ചതിനെ തുടർന്ന് ചിത്രത്തിന്റെ നിർമാതാക്കൾ പോസ്റ്റർ പിൻവലിച്ചു. ഹൻസികാ മോത്വാനി, ഹർഷിതാ എന്നിവർക്കൊപ്പമുള്ള സ്വകാര്യ ചിത്രങ്ങൾ ഓണ്‍ലൈനിൽ പോസ്റ്റ് ചെയ്തത് മറ്റൊരു പ്രശ്നം. എവനാടി ഉന്നൈ പെന്താൻ (who was responsible for your birth) ലൂസു പെണ്ണേ ലൂസു പെണ്ണേ (crazy girl..crazy girl) എന്നീ പാട്ടുകളും ചിമ്പുവിൻറേതാണ്.