ചിത്ര ചേച്ചിയെയും കണ്ടു പ്രിയങ്കയുടെ മനം നിറഞ്ഞു

പ്രിയങ്കയ്ക്ക് സുരേഷ്‌ഗോപിയെയും കെ എസ് ചിത്രയെയും കാണണമെന്ന ആഗ്രഹം മനസിലിട്ട് നടക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളായിരുന്നു. ഈ ആഗ്രഹം വാര്‍ത്തയായതോടെ നടന്‍ സുരേഷ്‌ഗോപി പ്രിയങ്കയെ കാണാന്‍ എത്തിയിരുന്നു. പ്രിയങ്കയ്ക്ക് സമ്മാനവും നല്‍കി. ഇപ്പോഴിതാ തന്റെ എക്കാലത്തെയും മറ്റൊരു ആഗ്രഹം കൂടി സഫലമാകുന്നു. നെട്ടയം പാപ്പാട്ടെ വീട്ടിലെ പ്രിയങ്ക ചിത്ര ചേച്ചിയെയും കണ്ടു.

ശ്രവണ കാഴ്ച വൈകല്യങ്ങളുള്ള പ്രിയങ്ക ചിത്ര ചേച്ചിയോടൊപ്പം ഏറെ നേരം ചിലവഴിച്ചു. ആ ശബ്‌ദ മാധുരിയില്‍ നിന്നൊഴുകുന്ന പാട്ട് നേരില്‍ കേട്ടു. തന്റെ ഇഷ്‌ടതാരത്തിന്റെ അനുഗ്രഹവും വാങ്ങി ആശ്ലേഷവും എറ്റുവാങ്ങുമ്പോള്‍ പ്രിയങ്കയുടെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. ഒപ്പം തന്റെ കടുത്ത ആരാധികയ കണ്ട സന്തോഷത്തിലായിരുന്നു ചിത്രയും.